2019 ന് തിരശ്ശീല വീഴുകയാണ്. ഇനി 2020ന്റെ വരവാണ്. 2019ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ തിരഞ്ഞവരുടെ ലിസ്റ്റ് അടുത്തിടെ പുറത്ത് വന്നിരുന്നു. ഒന്നാം സ്ഥാനത്ത് സണ്ണി ലിയോണോ മറ്റ് ബോളിവുഡ് സെലിബ്രിറ്റികളോ അല്ല. ഇന്ത്യയുടെ അഭിമാനമായി മാറിയ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെക്കുറിച്ച് അറിയാനായിരുന്നു ഇന്ത്യക്കാർക്ക് ആകാംക്ഷ.
ഏറ്റവും അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം സിനിമ, കലാ - കായിക രംഗത്തുള്ള പ്രമുഖരെ കടത്തിവെട്ടി ഗൂഗിൾ ഇന്ത്യയുടെ ലിസ്റ്റിലെ ആദ്യ പത്തിൽ ഇടംനേടാനുള്ള ഭാഗ്യം ഗായിക രാണു മൊണ്ടാലിന് ലഭിച്ചു എന്നതാണ്. ആഗസ്റ്റ് മുതൽ വാർത്തകളിലെ താരമായി മാറിയ രാണുവിന് ലിസ്റ്റിൽ ഏഴാം സ്ഥാനമാണ്. ഗായിക ലതാമങ്കേഷ്കർ, ക്രിക്കറ്റ് താരം യുവരാജ് സിംഗ്, ഹൃത്വിക് റോഷൻ അഭിനയിച്ച ' സൂപ്പർ 30" എന്ന ചിത്രത്തിന് പ്രേരണയായ ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാർ, ബോളിവുഡ് നടൻ വിക്കി കൗശൽ, ക്രിക്കറ്റ് താരം ഋഷഭ് പന്ത്, നടി താര സുതാരിയ, ബിഗ് ബോസ് താരങ്ങൾ കൂടിയായ നടൻ സിദ്ധാർത്ഥ് ശുക്ല, നടി കൊയന മിത്ര എന്നിവരാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ മറ്റു വ്യക്തികൾ. സെലിബ്രിറ്റികളിൽ നിന്നും വ്യത്യസ്തമായി നിമിഷനേരം കൊണ്ട് രാജ്യശ്രദ്ധയാകർഷിച്ച അഭിനന്ദൻ, രാണു എന്നിവർ തന്നെയാണ് ഗൂഗിൾ ഇന്ത്യയുടെ ലിസ്റ്റിൽ വേറിട്ട് നിൽക്കുന്നത്.
അഭിനന്ദൻ വർദ്ധമാൻ
ഇന്ത്യയുടെ സിംഹപുത്രൻ. ! അസാമാന്യ ധൈര്യത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്ന ഇന്ത്യൻ എയർഫോഴ്സ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വിശേഷിപ്പിക്കാൻ ഇതിലും മികച്ചൊരു വിശേഷണമില്ല. കിഴക്കൻ വ്യോമസേന കമാൻഡ് മേധാവിയായിരുന്ന മുൻ എയർ മാർഷൽ സിംഹക്കുട്ടി വർദ്ധമാൻ എന്ന അച്ഛൻ പഠിപ്പിച്ച രാജ്യസ്നേഹത്തിന്റെ ബാലപാഠങ്ങൾ മനഃപാഠമാക്കി മാറ്റിയ അഭിനന്ദൻ 1983ൽ തമിഴ്നാട്ടിലാണ് ജനിച്ചത്. ഫൈറ്റർ വിമാനങ്ങൾ പറത്തി പോരാടിയ അച്ഛന്റെ വീര്യം അതേപടി ലഭിച്ചു അഭിനന്ദന്. 2004ൽ ഫ്ലൈയിംഗ് ഓഫീസറായി ഇന്ത്യൻ വ്യോമസേനയുടെ കുപ്പായമണിഞ്ഞ അഭിനന്ദൻ ആദ്യം സുഖോയ് 30 എം.കെ.ഐയും പിന്നെ മിഗ് 21 ബൈസണും പറത്തി.
പുൽവാമ ആക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ - പാക് സംഘർഷങ്ങൾക്കിടയിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പാകിസ്ഥാന്റെ എഫ് 16 പോർവിമാനം വെടിവച്ചിട്ട അഭിനന്ദന്റെ മിഗ് - 21 ബൈസൺ വിമാനം പാക് സൈന്യം വെടിവച്ചു വീഴ്ത്തിയത്. ഇന്ത്യൻ അതിർത്തിക്കപ്പുറം പാക് വിമാനങ്ങളെ പിന്തുടർന്ന് ആക്രമിക്കുന്നതിനിടെയാണ് അഭിനന്ദന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. വിമാനത്തിൽ നിന്നും സ്വയം ഇജക്ട് ചെയ്ത് രക്ഷപ്പെട്ടെങ്കിലും അഭിനന്ദൻ പാക് സുരക്ഷാസേനയുടെ പിടിയിലകപ്പെടുകയായിരുന്നു. മൂന്നുദിവസം പാകിസ്ഥാന്റെ പിടിയിലായിരുന്നിട്ട് പോലും ഒട്ടും ധൈര്യം ചോരാതെ അഭിനന്ദൻ നെഞ്ചുവിരിച്ച് അഭിമാനത്തോടെ നിൽക്കുന്ന ചിത്രം ഒരിന്ത്യക്കാരനും മറക്കാനാകില്ല. സൈനിക ഉദ്യോഗസ്ഥനായ അച്ഛനും ഡോക്ടറായ അമ്മയും തന്റെ മകനെയോർത്ത് കണ്ണീരൊഴുക്കിയില്ല. പകരം ശത്രുവിന്റെ മടയിൽ അകപ്പെട്ടിട്ടും സ്വന്തം നാടിനെ സംബന്ധിച്ച ഒരു രഹസ്യങ്ങളും വെളിപ്പെടുത്താൻ തയാറാകാത്ത മകനിൽ അഭിമാനിച്ചു. മുൻ എയർഫോഴ്സ് സ്ക്വാഡ്രൺ ലീഡറായിരുന്ന ഭാര്യ തൻവി മർവാഹയാകട്ടെ ഒട്ടും ധൈര്യം ചോരാതെ ഭർത്താവിനെ സല്യൂട്ടടിച്ചു. പേരൊഴികെ മറ്റൊന്നും പാക് സേനയ്ക്ക് മുന്നിൽ അഭിനന്ദൻ തുറന്ന് പറഞ്ഞില്ല. മറ്റൊന്നും താൻ വെളിപ്പെടുത്തില്ലെന്ന് അവരുടെ മുഖത്ത് നോക്കിപ്പറയാനുള്ള ചങ്കൂറ്റവും അദ്ദേഹം കാട്ടി.
അഭിനന്ദനെ ഇന്ത്യയ്ക്ക് തിരികെ നൽകാൻ ലോകരാജ്യങ്ങൾ പാകിസ്ഥാനുമേൽ സമ്മർദ്ദം ചെലുത്തിയതോടെ 60 മണിക്കൂറുകൾക്ക് ശേഷം മാർച്ച് ഒന്നിന് വാഗാ അതിർത്തിയിൽ വച്ച് പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയങ്ങളിൽ ഒന്നുകൂടിയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീർചക്ര അഭിനന്ദനെ തേടിയെത്തി. ആത്മവിശ്വാസവും ധൈര്യവും മാത്രമല്ല, അഭിനന്ദന്റെ മീശയും ഇന്ത്യയൊട്ടാകെ ട്രെൻഡായി. ' അഭിനന്ദൻ - കട്ട് " മീശ ഇന്ത്യൻ ഫാഷൻ ലോകത്തും തരംഗമായി.
രാണു മൊണ്ടാൽ
' എക് പ്യാർ കാ നഗ്മാ ഹേ.." ഷോർ എന്ന ചിത്രത്തിൽ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കർ ആലപിച്ച ഗാനം. ആഗസ്റ്റ് മാസത്തിലെ ഒരു വൈകുന്നേരം പശ്ചിമബംഗാളിലെ റാണാഘട്ട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലിരുന്ന് ഉപജീവനത്തിനായി തന്റെ പ്രിയ ഗായികയുടെ ഗാനം പാടുമ്പോൾ രാണു ഓർത്തിരുന്നില്ല ഈ പാട്ട് സെക്കന്റുകൾ കൊണ്ട് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്. രാണുവെന്ന അദ്ഭുതപ്രതിഭയെ തിരിച്ചറിഞ്ഞത് അതീന്ദ്ര ചക്രബർത്തി എന്ന യുവ എൻജിനിയർ ആണ്.
പ്ലാറ്റ്ഫോമിലിരുന്ന് പാടിയ രാണുവിനെ ആരും തിരിഞ്ഞു നോക്കാതെ നടന്നകന്നപ്പോൾ അതീന്ദ്രയുടെ കാതുകൾ മാത്രമാണ് രാണുവിന്റെ സ്വരമാധുര്യം ശ്രദ്ധിച്ചത്. ശരിക്കും ലതാമങ്കേഷ്കർ പാടുന്നത് പോലെ തന്നെ. 59കാരിയായ രാണുവിന്റെ ശബ്ദത്തെ അവരുടെ അവശതകൾ സ്പർശിച്ചിട്ടില്ലെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. യുവഗായികമാർക്കൊപ്പം പിടിച്ചുനിൽക്കത്തക്കവണ്ണം അതിഗംഭീര ശബ്ദം. അതീന്ദ്ര രാണുവിന്റെ ഗാനം മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതീന്ദ്രയെ പോലും ഞെട്ടിച്ചുകൊണ്ട് രാണുവിന്റെ ശബ്ദം ഒരു വൈറസ് പോലെ ഇന്ത്യയൊട്ടാകെ പടർന്നു പിടിച്ചു.
വൈറലായതോടെ ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ അതിഥിയായി രാണു ക്ഷണിക്കപ്പെട്ടിരുന്നു. അന്ന് റിയാലിറ്റി ഷോയിലെ വിധികർത്താവായിരുന്ന ബോളിവുഡ് സംഗീത സംവിധായകൻ ഹിമേഷ് രേഷമിയ 'ഹാപ്പി ഹാർഡി ആൻഡ് ഹീർ" എന്ന തന്റെ പുതിയ ചിത്രത്തിന്റെ വാതിൽ രാണുവിന് മുന്നിൽ തുറന്നു. ചിത്രത്തിലെ ' തേരി മേരി കഹാനി ..." എന്ന ഗാനം സ്റ്റുഡിയോയിൽ ഹിമേഷിനൊപ്പം നിന്ന് പാടിയ രാണുവിനെ ജനഹൃദയങ്ങൾ ഏറ്റെടുത്തു. തൊട്ടുപിന്നാലെ 36 ചൈന ടൗണിലെ ' ആഷിഖി മേം തെരി ...' എന്ന ഹിറ്റ് ഗാനത്തിന്റെ റീമേക്കും രാണുവിന്റെ കൈകളിലെത്തി. പിന്നീട് നടന്നതെല്ലാം സ്വപ്നതുല്യമായ ഉയർച്ചകൾ. അകന്ന് കഴിഞ്ഞ മകൾ സതിയുമായി വീണ്ടും ഒന്നിക്കാനുള്ള അവസരവും രാണുവിന് ലഭിച്ചു. കണ്ണടച്ച് തുറക്കും മുമ്പേ അതുവരെ ആരും തിരിഞ്ഞ് നോക്കാതിരുന്ന സ്ത്രീ പ്രശസ്തിയുടെ കൊടുമുടിയിലെത്തി. കേരളത്തിലെ ചില റിയാലിറ്റി ഷോകളിൽപ്പോലും രാണു വിശിഷ്ടാതിഥിയായി.
സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ രാണുവെന്ന ഗായികയെ അതേ സോഷ്യൽ മീഡിയ തന്നെ ട്രോളുന്ന കാഴ്ചയും ഒട്ടും വൈകാതെ തന്നെ കാണേണ്ടി വന്നു. ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച രാണുവിന്റെ പുത്തൻ മേക്കോവർ ഫോട്ടോകൾക്ക് നേരെ ട്രോളുകളുടെ പെരുമഴയായിരുന്നു. സിമന്റിനോടും പ്രേതത്തോടും രാണുവിനെ ഉപമിച്ചവർ ഏറെ. സൂപ്പർമാർക്കറ്റിൽ വച്ച് അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ച സ്ത്രീയോട് രാണു കയർക്കുന്ന വീഡിയോയും വിമർശനങ്ങൾ നേടിക്കൊടുത്തു. ഒരു ടി.വി പരിപാടിയിൽ ഹിമേഷിനൊപ്പം പാടിയ സ്വന്തം ഗാനം ആലപിക്കാൻ പറഞ്ഞപ്പോൾ അല്പനേരം ആലോചിച്ചിട്ട് ' ഓ മൈ ഗോഡ് ഐ ഫോർഗറ്റ് ഇറ്റ് !' എന്ന് പറഞ്ഞതിനും രാണുവിന് നേരെ സോഷ്യൽ മീഡിയയിൽ പൊങ്കാലയായിരുന്നു. ഒരു ഭാഗത്ത് രാണുവിനെ ട്രോളുമ്പോൾ, മറ്റൊരു ഭാഗത്ത് ഏറെ ദുരിതങ്ങളനുഭവിച്ച് ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യദേവത കടാക്ഷിച്ച രാണുവെന്ന കലാകാരിയെ പിന്തുണയ്ക്കുന്നവരും ഏറെയാണ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ ജനിച്ച രാണു മൊണ്ടാൽ തന്റെ അമ്മയുടെ മരണത്തെത്തുടർന്ന് അമ്മായിക്കൊപ്പം റാണാഘട്ടിലാണ് വളർന്നത്. ഭർത്താവ് ബാബു മൊണ്ടാലിന്റെ മരണശേഷം ട്രെയിനുകളിൽ പാട്ടുപാടിയാണ് ഉപജീവനമാർഗം കണ്ടെത്തിക്കൊണ്ടിരുന്നത്. കുട്ടിക്കാലം മുതൽ ലതാമങ്കേഷ്കറുടെ ആരാധികയായിരുന്നു രാണു.