ജീവിതം പഠിപ്പിച്ച അനുഭവങ്ങളിലൂടെയാണ് ശ്രീദേവി കക്കാട് എൺപത്തഞ്ചിന്റെ നിറവിലെത്തിയത്. എൻ.എൻ. കക്കാട് എന്ന കവിയുടെ കൈ പിടിച്ചതുമുതൽ ജീവിതത്തിന്റെ വസന്തകോകിലം പോലെ അവർ പല തലങ്ങളിലും പാടിപ്പറന്നിരുന്നു. അതിൽ നിന്നെല്ലാം മുക്തയായി കോഴിക്കോട് സ്വസ്ഥജീവിതം നയിക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്ക് സാധിച്ചത്.
'' ഞാൻ കോഴിക്കോട് ട്രെയിനിംഗ് കഴിക്കുന്ന കാലത്താണ് കക്കാടിനെ കണ്ടത്. അദ്ദേഹം കവിത ചൊല്ലുന്നത് പലതവണ കേട്ടിട്ടുണ്ട്. ഒരു പ്രത്യേക ഭാവത്തിലാണ് അദ്ദേഹത്തിന്റെ കവിത അവതരണം. മൂല്യാരാധകനായ കവിയായിരുന്നു കക്കാട്. സമൂഹത്തിൽ പരക്കെ വ്യാപിച്ചു കൊണ്ടിരിക്കുന്ന സംസ്കാരച്യുതിയിൽ നൊമ്പരം കൊള്ളുന്ന ഒരു മനസ് അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് ആർദ്രമീ ധനുമാസരാവുകളിൽ ആതിര വരികയും പോവുകയും ചെയ്യും എന്ന് അദ്ദേഹം പാടിയത്. "" ശ്രീദേവി കക്കാട് മനസ് തുറക്കുകയാണ്.
കാലത്തെ അതിജീവിച്ച കവിതകളുടെ വക്താവായ കക്കാടിന്റെ ഗൃഹസ്ഥാശ്രമത്തിന് കൂട്ടായിട്ടാണ് ശ്രീദേവി അന്തർജ്ജനം കടന്നുവന്നത്. പാലക്കാട് ചെർപ്പുളശേരി കാറൽമണ്ണ ഇല്ലത്തെ നരിപ്പറ്റ ശങ്കരനാരായണൻ നമ്പൂതിരിയുടെയും നീലി അന്തർജ്ജനത്തിന്റെയും മകളാണ് ശ്രീദേവി. പിതാവ് യോഗക്ഷേമസഭയുടെ സജീവപ്രവർത്തകനായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായ ശങ്കരനാരായണൻ നമ്പൂതിരി തന്റെ പെൺമക്കളെ സ്കൂളിലും കോളേജിലും ചേർത്ത് പഠിപ്പിച്ചു. നാട്ടിൽ നിന്നകലെയുള്ള പാലക്കാട് വിക്ടോറിയ കോളേജിലാണ് ഇന്റർമീഡിയറ്റിന് പഠിക്കാൻ ശ്രീദേവി ചേർന്നത്. തേർഡ് ഗ്രൂപ്പെടുത്താണ് പഠിച്ചത്. ചരിത്രമായിരുന്നു പ്രധാന വിഷയം. അന്ന് ഒ.വി.വിജയൻ അവിടത്തെ ഇംഗ്ലീഷ് ലക്ചററായിരുന്നു. ഇന്റർ മീഡിയറ്റിന് തേർഡ് പാർട്ടിൽ ശ്രീദേവിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. അതോടെ പഠനം നിലച്ചു. ടീച്ചേഴ്സ് ട്രെയിനിംഗിന് അഡ്മിഷൻ കിട്ടുമായിരുന്നു. എന്നാൽ അതിനോട് താല്പര്യമുണ്ടായിരുന്നില്ല. അല്പകാലം അച്ഛന്റെ ഉടമസ്ഥതയിലുള്ള എലിമെന്ററി സ്കൂളിൽ പഠിപ്പിച്ചു. ട്രെയിനിംഗ് ഇല്ലാത്തതുകൊണ്ട് അതു തുടരാനായില്ല.
ശങ്കരനാരായണൻ നമ്പൂതിരിയുടെ മക്കൾ വായനശാല പ്രവർത്തനവും നാടകാഭിനയവും കൊണ്ടുനടന്നു. വീട്ടിനടുത്ത് വായനശാലയുണ്ടായിരുന്നു. അനുജത്തിയും അയൽപക്കത്തെ കൂട്ടുകാരികളും ചേർന്ന് ഒരു കലാസമിതി രൂപവത്കരിച്ചിരുന്നു. അതിന്റെ ആഭിമുഖ്യത്തിൽ നാടകവും പഠിച്ചു.
ഒരു മീനമാസത്തിലെ പൂരം നാളിലാണ് കക്കാട് പെണ്ണുകാണാൻ വന്നത്. മജീഷ്യൻ പ്രൊഫസർ വാഴക്കുന്നത്തിന്റെ കൂടെയാണ് എത്തിയത്. വാഴക്കുന്നം മുത്തച്ഛന്റെ സഹോദരിയുടെ മകനാണ്. കൂടെ വന്നത് ആരാണെന്നൊന്നും അപ്പോൾ അറിഞ്ഞിരുന്നില്ല. ചായ കുടിച്ചതിനുശേഷം അച്ഛൻ അകത്തുവന്നു പറഞ്ഞു. ചെറുപ്പക്കാരന് നിന്നോട് സംസാരിക്കണമെന്നുണ്ട്. അതുകേട്ട് ആദ്യം അമ്പരപ്പുണ്ടായി. പൊതുവെ നമ്പൂതിരി സ്ത്രീകളുടെ വേളി നിശ്ചയിക്കുന്നത് കാരണവന്മാരാണ്. അതിന് നിന്നു കൊടുക്കുന്ന പതിവായിരുന്നു. എന്നാൽ അതിൽ നിന്ന് വിപരീതമായി വരനാകുന്ന ആൾക്ക് വധുവിനോട് സംസാരിക്കണമത്രെ. അദ്ദേഹം കടന്നുവന്നപ്പോൾ ആദ്യത്തെ പരിഭ്രമമെല്ലാം മാറിയിരുന്നു. പഠനത്തെക്കുറിച്ചും വായനയെക്കുറിച്ചുമാണ് കൂടുതലും സംസാരിച്ചത്. ഒടുവിൽ വിവാഹത്തിന് സമ്മതമാണോ എന്ന ഒരു ചോദ്യവും. അതിന് ഉത്തരം പറയാൻ കഴിഞ്ഞില്ല. എങ്കിലും അച്ഛനും അമ്മാവന്മാരും ഒക്കെ ചേർന്ന് വേളിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
വിവാഹത്തലേന്ന് 'അയനിയൂണ്" എന്നൊരു ചടങ്ങുണ്ടായിരുന്നു. വധുവും വരനും അവരവരുടെ ഇല്ലങ്ങളിൽവച്ച് ഒരു മുഹൂർത്തത്തിന് ഊണുകഴിക്കുന്ന ചടങ്ങാണിത്. ഊണുകഴിഞ്ഞാണ് വരൻ വധൂഗൃഹത്തിലേക്ക് പുറപ്പെട്ടത്. വിവാഹം പഴയ സമ്പ്രദായത്തിലായിരുന്നു. വിവാഹകർമ്മങ്ങൾക്കുശേഷം വധൂവരന്മാർ കോഴിക്കോട്ടേക്ക് യാത്രയായി. അന്നേ ദിവസം കോഴിക്കോടുള്ള ശാന്തഭവനിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഭാര്യയോട് കക്കാട് ഒരു ദിവസം പറഞ്ഞു, ശ്രീദേവിയെ ഞാൻ ശ്രീ എന്നാണ് വിളിക്കുക. പിന്നീട് അദ്ദേഹം ശ്രീ എന്നേ വിളിച്ചിരുന്നുള്ളൂ. എന്നാൽ ശ്രീദേവി കക്കാട് എന്ന പേരിൽ അവർ അറിയപ്പെടാനിടയായി. കക്കാട് അന്ന് കോഴിക്കോട് ഒരു ട്യൂട്ടോറിയൽ കോളേജ് നടത്തുകയായിരുന്നു. തളി ക്ഷേത്രത്തിൽ നിന്ന് കിഴക്കോട്ടു നീളുന്ന ചെമ്മൺപാതയിൽ ഗോവിന്ദപുരത്ത് ചെറിയൊരു വീട് വാടകയ്ക്കെടുത്ത് അവർ താമസം തുടങ്ങി. ട്യൂട്ടോറിയലിൽ പഠിപ്പിക്കലും സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കലുമായി തിരക്കുപിടിച്ച ജീവിതമാണ് നയിച്ചിരുന്നത്. അക്കാലത്താണ് കോഴിക്കോട് ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റ് വിഭാഗത്തിൽ ജോലികിട്ടിയത്. പിടിവള്ളി കിട്ടിയ ആശ്വാസമായിരുന്നു ശ്രീദേവിക്ക്. എഴുത്തായിരുന്നു അവിടെ പ്രധാന ജോലി. ഏതെങ്കിലും ഒരു വിഷയം കൊടുക്കും. അതിനെ അടിസ്ഥാനമാക്കി നാടകമോ സംഗീതശില്പമോ തയ്യാറാക്കണം. ഉറൂബും തിക്കോടിയനും മറ്റും ആകാശവാണിയിൽ ജോലി ചെയ്യുന്ന കാലമാണത്. കക്കാടിന്റെ കൂടെ ശ്രീദേവിയും ആകാശവാണിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
ആ കാലത്താണ് കേന്ദ്രകലാസമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ നാടകോത്സവം നടന്നത്. അതിൽ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അവതരിപ്പിച്ചു. വി.ടി ഭട്ടതിരിപ്പാട്, പ്രേംജി, എം.എസ്. നമ്പൂതിരി, പരിയാനംപറ്റ പ്രിയദത്ത തുടങ്ങി ഒട്ടേറെ പ്രഗത്ഭമതികൾ നാടകാവതരണത്തിനെത്തിയിരുന്നു. നാടകത്തിലെ നായികയായ തേതിയുടെ ഭാഗം ശ്രീദേവിയാണ് അഭിനയിച്ചത്. നായകനായ മാധവനായി കക്കാടും അഭിനയിച്ചു. അരങ്ങിൽ കല്യാണമണ്ഡപം ഒരുക്കിയിരുന്നു. ആകെ മൂടിപ്പുതച്ചാണ് തേതിയെ രംഗത്തേക്ക് ആനയിച്ചത്. പെട്ടെന്ന് മാധവൻ കടന്നുവന്ന് വധുവിന്റെ മൂടുപടം വലിച്ചുകീറി മാറ്റുന്നു. തേതി മനുഷ്യസ്ത്രീയായി എഴുന്നേറ്റ് നിൽക്കുന്നു. സാമൂഹ്യപരിഷ്കാരത്തിന്റെ കേളികൊട്ടായിരുന്നു ആ നാടകം. നാടകം കഴിഞ്ഞതോടെ പലരും വന്ന് അഭിനന്ദിച്ചു. ജീവിതത്തിലെ സുഖവും സ്വാതന്ത്ര്യവും സ്ത്രീകൾക്കും ലഭ്യമാക്കുക എന്ന ദൗത്യമാണ് നാടകം നിറവേറ്റിയത്. യോഗക്ഷേമ സഭയുടെ വാർഷികത്തിന് ഇ.എം.എസ് മുൻകൈയെടുത്താണ് ഈ നാടകം അവതരിപ്പിച്ചത്. അന്നത് നമ്പൂതിരി സമുദായത്തിൽ കോലാഹലം സൃഷ്ടിച്ചിരുന്നു. ഇ.എം.എസ് പറഞ്ഞ ഒരു പ്രസ്താവം ശ്രീദേവി കക്കാട് ഓർത്തെടുത്തു, 'കേരളത്തിൽ ഒരു സമുദായം മതി അത് കേരളീയ സമുദായമാകണം".
ആകാശവാണിയിലെ വനിതാലോകം പരിപാടിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. അനേകം റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. കോഴിക്കോട് ദേശപോഷിണി വായനശാലയിൽ മഹിളാസമാജം സജീവമായിരുന്ന കാലമാണത്. ശ്രീദേവി അതിന്റെ പ്രധാന പ്രവർത്തകയായിരുന്നു. അല്പകാലം വായനശാലയുടെ പ്രസിഡന്റ് സ്ഥാനവും വഹിച്ചു. ഇതിനിടയിലാണ് ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നത്. പിന്നീട് മാതൃഭൂമി ദിനപ്പത്രത്തിലും പ്രൂഫ് റീഡറായി ജോലി ചെയ്തു. ആർദ്രമീ ധനുമാസരാവിൽ, വാമപക്ഷത്ത് ഒരാൾ, ഓർമ്മകളുണ്ടായിരിക്കണം എന്നിവയാണ് ശ്രീദേവി രചിച്ച പ്രധാന പുസ്തകങ്ങൾ. രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ ശ്രീകുമാർ തിരുവനന്തപുരം ദൂരദർശനിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ശ്യാംകുമാർ മാതൃഭൂമിയുടെ കണ്ണൂർ ഓഫീസിലെ ജീവനക്കാരനാണ്.
ഓർമ്മകളുടെ നാട്ടുവഴികളിലൂടെ അവർക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. എല്ലാം തെളിവാർന്ന വെയിലുപോലെ സന്തോഷം പകരുന്നതല്ല. കക്കാടിന്റെ വിയോഗം തീർത്ത അവസ്ഥയിൽ നിന്നും അവർ തീർത്തും മുക്തയായിട്ടുണ്ട്. ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും കാലത്തിലൂടെ നടന്നുനീങ്ങിയ ശ്രീദേവി കക്കാട് ഇന്ന് ശാന്തവും സമാധാനവുമായ ഒരു ജീവിതം നയിക്കുന്നു. കാലമിനിയുമുരുളും എന്നാണ് കക്കാട് പാടിയത്. വിഷുവും തിരുവോണവും വർഷകാലവും വീണ്ടും വീണ്ടും വരാതിരിക്കില്ല. ചെടികൾ തളിർക്കുകയും പൂക്കുകയും ചെയ്യും.