കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്നു പറയാറുണ്ടല്ലോ! അതായത് സ്വന്തം കാര്യങ്ങളിൽ എല്ലാ ജീവജാലങ്ങളും ശ്രദ്ധാലുക്കളാണ്, ഒരുപരിധിവരെ സ്വാർത്ഥരുമാണെന്ന് പറയാം. മാനിനെയും മറ്റുജീവികളെയും കടിച്ചുകീറി ആഹരിക്കുന്ന കടുവയും പുലിയുമൊക്കെ ആ പല്ലുകൾകൊണ്ടുതന്നെ തന്റെ സ്വന്തം കുഞ്ഞുങ്ങളെ എത്ര മൃദുവായി കടിച്ചാണ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് എടുത്തുകൊണ്ടുപോകുന്നത്. അതുപോലെ കോഴിക്കുഞ്ഞിനെയും പ്രാവിനെയും റാഞ്ചി കുഞ്ഞുങ്ങൾക്ക് ഭക്ഷണമൊരുക്കുന്ന പരുന്തിനും കഴുകനുമെല്ലാം എത്ര സ്നേഹത്തോടെയാണ് സ്വന്തം കുഞ്ഞുങ്ങളോട് പെരുമാറുന്നത് എന്ന് നോക്കുക.
പുഴുക്കളെയും ചെറുപ്രാണികളെയും ഒറ്റയ്ക്കും സംഘം ചേർന്ന് ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചിലപ്പോൾ കടിച്ചു മുറിവുണ്ടാക്കി അതിലേക്ക് ആസിഡ് പ്രയോഗം വരെ നടത്തുകയും ഒക്കെ ചെയ്യുന്ന കക്ഷികളാണ് ഉറുമ്പുകൾ. സംഘടിച്ച് ശക്തരാകുന്ന ഈ കക്ഷികൾക്കു തന്റെ ശരീരത്തിന്റെ പത്തുമുതൽ അമ്പതു മടങ്ങ് വരെ വലിപ്പമുള്ള വസ്തുക്കൾ എടുത്ത് കൊണ്ടുപോകാനാകുമത്രേ ! അതിസൂക്ഷ്മങ്ങളായവർ മുതൽ പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ളവർ ഈ കൂട്ടത്തിലുണ്ട്. സദാസമയവും ചലിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ എടുക്കുക എളുപ്പമല്ല. തന്നെയുമല്ല രൂപം തീരെ ചെറുതായതിനാൽ ഫോക്കസ് ചെയ്യാനും ബുദ്ധിമുട്ടാണ്.
പിന്നെ മാക്രോ ഫോട്ടോ എടുക്കുന്നതിന്റെ പ്രയാസങ്ങൾ പലപ്പോഴായി പറഞ്ഞിട്ടുണ്ടല്ലോ. എങ്കിലും പറയട്ടെ എടുക്കപ്പെടുന്ന വസ്തുവോ കാമറയോ അതുപിടിച്ചിരിക്കുന്ന കൈയോ അനങ്ങിയാൽ ഫോട്ടോ ഷേക്കാകും. എന്തിന് നമ്മളുടെ ശ്വാസോച്ഛ്വാസം പോലും മാക്രോ ഷോട്ടെടുക്കുമ്പോൾ ഫോക്കസിംഗിനെ സാരമായി ബാധിക്കാം. വളരെ ജാഗ്രതയോടെ ഉറുമ്പ് തന്റെ മുട്ട ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുമ്പോൾ ഷേക്കുവരാതെ എടുത്ത മാക്രോ ഫോട്ടോയാണ് ഇത്.