ക്ഷേത്രത്തിലെ ഭാഗവതസപ്താഹത്തിന് നല്ലൊരു തുക സംഭാവന ചെയ്തതുകൊണ്ടുമാത്രമാണ് രമയും നാലഞ്ചു സുഹൃത്തുക്കളും കേൾക്കാൻ പോയത്. അമ്പതുപേർ കൃത്യമായി കേട്ടിരിക്കും. ഉച്ചഭക്ഷണ സമയത്തും ചായനേരത്തും മുന്നൂറു പേരെങ്കിലുമുണ്ടാകും. അതേപ്പറ്റി ക്ഷേത്രഭാരവാഹികൾ പരിഭവം പറഞ്ഞപ്പോൾ പ്രഭാഷകനായ ശർമ്മാജി പുഞ്ചിരിച്ചു. സാരമില്ല, ശുഭകാര്യമായ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നവരെല്ലാം പൂർണമനസോടെയാണോ? മരണവീട്ടിൽ തലകാണിക്കാനെത്തുന്നവരെല്ലാം ദുഃഖം സഹിക്കാതെ വരുന്നവരാണോ. ഗംഗയിലിറങ്ങിയില്ലെങ്കിലും അതിന്റെ കരയിൽ നിന്നാലും ആ കുളിർമ്മകിട്ടുമല്ലോ. ആ വാക്കുകൾ രമയെയും സുഹൃത്തുക്കളെയും ചിന്തിപ്പിച്ചു. എന്തായാലും അന്ന് മുഴുവൻ ഭാഗവതം കേൾക്കാൻ അവർ ഇരുന്നു. ഇരുട്ടിലൂടെ ചില മിന്നാമിനുങ്ങുകൾ പറന്നുവരും പോലെ.
അറിവുണ്ടെങ്കിൽ പണം വേണ്ട, സൗന്ദര്യം വേണ്ട, പ്രശസ്തി വേണ്ട... അതെല്ലാം താനേ വന്നുകൊള്ളും. ശർമ്മാജിയുടെ വാക്കുകളിൽ വേദവ്യാസനും വാല്മീകിയും തിരുവള്ളുവരും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും രമണമഹർഷിയും കടന്നുവന്നു. ഡോക്ടർ അറിവാണ്. പൂജാരി മറ്റൊരറിവാണ്. എൻജിനീയറും അഭിഭാഷകനും അദ്ധ്യാപകനും അറിവില്ലേ. നീന്തലറിയാത്തത് കൊണ്ടുമാത്രം മുങ്ങിമരിക്കുന്നത് അജ്ഞത. അഗ്നി ശമിപ്പിക്കാൻ വെള്ളത്തിനുപകരം മണ്ണെണ്ണ ഒഴിക്കുന്നത് അറിവില്ലായ്മയല്ലേ. കത്തിക്കൊണ്ടിരിക്കുന്ന വിളക്കിൽ യഥാസമയം എണ്ണയൊഴിക്കാതെയും തിരിനീട്ടാതെയും ഇരുന്നാൽ അതുകെട്ടുപോകില്ലേ? ജീവിതത്തിലെ ദുരനുഭവങ്ങളും അതുപോലെയാണ്.
യഥാർത്ഥ അറിവ് തേൻപോലെ. അത് നുണയുന്നതുവരെ അതിന്റെ മധുരം മനസിലാകില്ല. അതാസ്വദിച്ചുകഴിഞ്ഞാലോ വീണ്ടും നുണയാൻ തോന്നും. ശർമ്മാജി പ്രഭാഷണത്തിനിടയിൽ പറഞ്ഞവാക്കുകൾ രമയുടെ മനസിൽ തറച്ചു. എന്തുസംശയവും ചോദിക്കാമെന്ന് പ്രഭാഷണത്തിനുശേഷം ശർമ്മാജി പറഞ്ഞപ്പോൾ വളരെക്കാലമായി മനസിൽ ചുമന്നുകൊണ്ടുനടന്ന ഒരു സംശയം തന്നെ രമ ചോദിച്ചു. നാം നന്നായി പെരുമാറിയാലും അകാരണമായി പലരും കോപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?
വലം കൈപ്പത്തി നിവർത്തിക്കൊണ്ട് ശർമ്മാജി പുഞ്ചിരിച്ചു. ഈ കൈ കൊണ്ട് എന്തെല്ലാം നല്ലതും ചീത്തയുമായ കർമ്മങ്ങൾ ചെയ്യുന്നു. ഒരു ജന്മം മുഴുവൻ കൂടെകൊണ്ടുനടന്നിട്ടും കൈ വിരലുകൾ ഒരുപോലെയാക്കാൻ കഴിയുന്നുണ്ടോ? രാജാവായാലും സേനാധിപനായാലും ശാസ്ത്രജ്ഞനായാലും മാജിക്കുകാരനായാലും അതിന് അശക്തനാണ്. സ്വന്തം കൈയുടെ കാര്യം പോലും ശരിയാക്കാനുള്ള കൈപ്പുണ്യം ഇല്ലാതിരിക്കെ ലോകത്തെയും ചുറ്റുപാടുള്ളവരെയും മാറ്റിമറിക്കാൻ വ്യാമോഹിക്കുന്നത് മണ്ടത്തരമല്ലേ? ശർമ്മാജിയുടെ ചോദ്യം കേട്ടപ്പോൾ ഉള്ളിലെ ഇരുട്ടിലൂടെ വീണ്ടും മിന്നാമിനുങ്ങുകൾ പറന്നുവരുന്നതുപോലെ രമയ്ക്കു തോന്നി.
(ഫോൺ : 9946108220)