സിനിമ ആൽഫിക്ക് പണ്ടുമുതലേയുള്ള സ്വപ്നമായിരുന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് എൻജിനിയറിംഗ് പഠിച്ചത്. അതുകഴിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ കൂട്ടുകാരായിരുന്നു കട്ടപിന്തുണ. ഒരു മാഗസിൻ നടത്തിയ മോഡലുകൾക്കായുള്ള മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ആത്മവിശ്വാസമായി. കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ തന്റെ സ്വപ്നങ്ങളെ പിന്തുടരുന്ന ആൽഫിയുടെ വിശേഷങ്ങൾ.
സിനിമ വിളിച്ചപ്പോൾ
അപ്രതീക്ഷിതമായിട്ടായിരുന്നു സിനിമയുടെ വിളിയെത്തിയത്. സൺഡേ ഹോളിഡേയിൽ ആസിഫ് ഇക്കയുടെ അനുജത്തിയായാണ് അരങ്ങേറിയത്. അതിന്റെ സംവിധായകൻ ജിസ്മോൻ ചേട്ടനെ പരസ്യ രംഗത്തു നിന്നാണ് പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഒരു പരസ്യത്തിനായി വിളിച്ചിരുന്നു. അതു നടന്നില്ലെങ്കിലും സിനിമയെടുത്തപ്പോൾ ജിസ് മോൻ ചേട്ടൻ എന്നെ ഓർത്തു. അതിനു ശേഷം മായാനദിയിൽ ഒരു കുഞ്ഞു വേഷം ചെയ്തു. സുഗീതേട്ടൻ സംവിധാനം ചെയ്ത മധുരനാരങ്ങയിൽ നായികയാകാനുള്ള ഓഡിഷനിൽ പങ്കെടുത്ത് അവസാന ഘട്ടം വരെ എത്തിയിരുന്നു. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് അദ്ദേഹം കുഞ്ചാക്കോ ബോബനെ നായകനാക്കി ശിക്കാരി ശംഭു ചെയ്തപ്പോൾ എന്നെ വിളിച്ചു. അതിൽ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ നായികയായാണ് അഭിനയിച്ചത്.
പ്രണയത്തിലെ ചമ്മൽ
ഞാനും വിഷ്ണുവുമുള്ള ഒരു പാട്ടാണ് ആദ്യം ഷൂട്ട് ചെയ്തത്. സ്ക്രീനിൽ പ്രണയം അഭിനയിക്കാൻ നല്ല ചമ്മലായിരുന്നു. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് അങ്ങനെയൊന്നും ആലോചിക്കേണ്ടെന്ന് മനസിലാകുന്നത്. ഇത് നമ്മുടെ ജോലിയുടെ ഭാഗമാണല്ലോ. അതിനെ പ്രൊഫഷണലായി സമീപിച്ചാൽ മതിയെന്ന് മനസിലായി. അഭിനയിച്ചു എന്ന തോന്നലുണ്ടാകുന്നത് ശിക്കാരി ശംഭുവിലാണ്. പുലി പിടിക്കാൻ വരുമ്പോൾ ഓടുന്നതും വെള്ളത്തിൽ വീഴുന്നതുമായ സീനുകളുണ്ടായിരുന്നു. ശരിക്കും വെള്ളം കുടിച്ചു. ശിക്കാരി ശംഭുവിന് ശേഷം വള്ളിക്കുടിലിലെ വെള്ളക്കാരൻ, ഇളയരാജ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴിലും രണ്ട് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
വ്യത്യസ്തമാകണം റോളുകൾ
സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി സോഫ്ട്വെയർ എൻജിനിയർ ജോലി രാജിവച്ചു. ഇതിനിടയിൽ ആങ്കറിംഗ് ചെയ്തിരുന്നു. അപ്പോഴാണ് ജോലി ചെയ്യുന്നതിലെ സംതൃപ്തി എന്താണെന്ന് മനസിലാകുന്നത്. ഇഷ്ടപ്പെട്ട് ഒരു കാര്യം ചെയ്യുന്നതും അല്ലാതെ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്. നല്ല തിരക്കഥയും ടീമുമൊക്കെ നോക്കി സിനിമകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ട്. നേരത്തെ പറഞ്ഞപോലെ ആദ്യ സിനിമയിൽ ഒരു നാടൻ പെൺകുട്ടിയുടെ വേഷമായിരുന്നു. പക്ഷേ, പിന്നീട് അഭിനയിച്ച മൂന്ന് സിനിമകളിലും എന്നോട് തന്നെ സാമ്യമുള്ള കഥാപാത്രങ്ങളായിരുന്നു. കുർത്തിയും ചുരിദാറുമൊക്കെ ധരിക്കുന്ന സാധാരണ പെൺകുട്ടികൾ. ഹെയർസ്റ്റൈലിൽ പോലും ഒരു വ്യത്യാസവും വന്നിട്ടില്ല. വ്യത്യസ്തമായ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹം.
ഇനിയും ബോൾഡാകണം
ഒരു നടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിലും മറ്റും വരുമ്പോൾ നെഗറ്റീവും പൊസിറ്റീവുമായ കമന്റുകളുണ്ടാവും. ആദ്യമൊക്കെ മോശമായ കമന്റുകളെ കുറിച്ചോർത്ത് ടെൻഷനടിച്ചിരുന്നു. ഇപ്പോൾ അതൊന്നും ശ്രദ്ധിക്കാറില്ല. എങ്കിലും ഹെവി ലെവൽ ട്രോളുകൾ വന്നാൽ താങ്ങുമോയെന്ന് അറിയില്ല. വൈകാരികമായി പ്രശ്നക്കാരിയാണ് ഞാൻ. പെട്ടെന്ന് ദേഷ്യവും സങ്കടവുമൊക്കെ വരും. സങ്കടമാണ് കൂടുതൽ. പെട്ടെന്ന് കണ്ണ് നിറയും. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാറില്ല. ചിലപ്പോഴൊക്കെ ഇത്രയും താഴ്ന്നു കൊടുക്കേണ്ട കാര്യമില്ലെന്നും കുറച്ചു കൂടി ബോൾഡാകണമെന്നും തോന്നാറുണ്ട്. ജോലി രാജി വച്ച ശേഷം നല്ല സിനിമകൾ കിട്ടുമോയെന്ന് ടെൻഷനുണ്ടായിരുന്നു. അതിനായി പ്രാർത്ഥിക്കുന്നുണ്ട്. ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ദൈവവും ലോകവുമെല്ലാം അതിനായി കൂടെ നിൽക്കുമെന്നാണ് വിശ്വാസം.
പ്രോത്സാഹിപ്പിക്കുന്നത് അമ്മ
അങ്കമാലിയാണ് നാട്. അച്ഛൻ തോമസ് ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ വി.ആർ. എസ് എടുത്ത ശേഷം ഫർണിച്ചർ കട നടത്തുന്നു. അമ്മ മോളി ഹെഡ് നഴ്സായി റിട്ടയേർഡായി. ചേച്ചി ദീപയുടെ കല്യാണം കഴിഞ്ഞു. അച്ഛൻ ഇപ്പോഴും എന്റെ ഒരു സിനിമയും മുഴുവനും കണ്ടിട്ടില്ല. തിയേറ്ററിൽ വന്നു സിനിമ കാണാറില്ല. ടി.വി യിൽ കാണിക്കുമ്പോൾ കുറച്ചൊക്കെ കാണും. എന്റെ തലവെട്ടം കണ്ടാലുടൻ ചാനൽ മാറ്റിക്കളയും. അഭിനയിക്കുന്നത് ഇഷ്ടമാണ്. അച്ഛൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന തോന്നൽ എനിക്ക് ഉണ്ടാകേണ്ടെന്ന് തോന്നിക്കാണും. പേരിന്റെ കൂടെയുള്ള പഞ്ഞിക്കാരൻ കുടുംബപേരാണ്.