shane-nigam

കൊച്ചി: നടൻ ഷെയ്​ൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കാൻ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വീണ്ടും ഇടപെടുന്നു. ജനുവരി ഒമ്പതിന്​ നടക്കുന്ന അമ്മ എക്​സിക്യൂട്ടീവ്​ യോഗത്തിൽ പ്രശ്​നം ചർച്ച ചെയ്യും. ഇതിന്​​ ശേഷം നിർമാതാക്കളുമായി ചർച്ച നടത്തുന്നതടക്കമുള്ള കാര്യങ്ങളിൽ അമ്മ തീരുമാനമെടുക്കും. ഷെയ്നുമായി ഇനി ചർച്ചക്കില്ലെന്ന്​ നേരത്തെ നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു.

എന്നാൽ, താരസംഘടനയായ അമ്മയുമായി പ്രശ്​നം ചർച്ച ചെയ്യാമെന്നാണ്​ നിർമാതാക്കളുടെ സംഘടനയുടെ നിലപാട്​. നേരത്തെ ഇതുസംബന്ധിച്ച വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്​ സിനിമ സംഘടനകൾക്ക്​ ഷെയ്​ൻ കത്തയച്ചിരുന്നു​. ‘അമ്മ’, പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ, സാങ്കേതിക വിദഗ്​ധരുടെ സംഘടനയായ ഫെഫ്​ക എന്നിവർക്കാണ്​ ഖേദപ്രകടനം അടങ്ങുന്ന കത്ത്​ ഇ-മെയിലായി അയച്ചത്. നിർമാതാക്കളെ മനോരോഗികൾ എന്നു വിളിച്ചതിൽ ഷെയ്ൻ കത്തിലൂടെ മാപ്പു പറഞ്ഞിരുന്നു. തന്റെ പരാമർശത്തിൽ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷെയ്ൻ കത്തിലൂടെ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ചായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം.

വെയിൽ സിനിമയുടെ നിർമാതാക്കളുമായുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഷെയ്ൻ നിഗവും സിനിമ സംഘടനകളും തമ്മിലുള്ള തർക്കങ്ങൾ ആരംഭിക്കുന്നത്. ഇതിനെ തുടർന്ന് ഷെയ്നുമായി സഹകരിക്കില്ലെന്നു നിർമാതാക്കൾ പറഞ്ഞിരുന്നു. ഇതിനു മുൻപും തന്റെ പരാമർശത്തിൽ ഫേസ്ബുക്ക് പേജിലൂടെ ഷെയ്ൻ മാപ്പു പറഞ്ഞിരുന്നു.