കൊൽക്കത്ത: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നേരിടുന്നത് ദുഷ്കരമായ സാഹചര്യമെന്ന് നീതി ആയോഗ് വിശിഷ്ട സഹപ്രവർത്തകൻ രാംഗോപാൽ അഗർവാല പറഞ്ഞു. എന്നാൽ, നിലവിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രതിസന്ധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊൽക്കത്തയിൽ നടന്ന ഭാരത് ചേംബർ ഓഫ് കൊമേഴ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയ പരിഷ്‌കാരങ്ങൾ ആവശ്യമായിരുന്നെങ്കിലും തിടുക്കത്തിൽ നടപ്പാക്കുകയാണുണ്ടായത്. കള്ളപ്പണം സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. എങ്കിലും നോട്ടുനിരോധനം കൂടുതൽ ആലോചനകൾക്ക് ശേഷം നടപ്പാക്കിയാൽ മതിയായിരുന്നു. ഇതിലൂടെ യഥാർത്ഥത്തിൽ നോട്ടുനിരോധനമല്ല, നോട്ടു മാറ്റിയെടുക്കലാണ് സാദ്ധ്യമായതെന്നും അഗർവാല വ്യക്തമാക്കി.
ജി.എസ് .ടിയുടെ കാര്യത്തിലും അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കി. ഇതൊരു നല്ല നടപടി ആയിരുന്നു. എന്നാൽ നടപ്പാക്കുന്നതിൽ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല. ഐ.ബി.സി.സിയുടെ കാര്യത്തിലും ഇത് ബാധകമാണ്. ഈ പരിഷ്കാരങ്ങൾ സമ്പദ്ഘടനയെ ബാധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. നല്ല വളർച്ച കൈവരിക്കുന്നതിന് ഏറ്റവും പ്രധാനം എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. ലിംഗസമത്വം നടപ്പാക്കുമ്പോൾ എല്ലാ ജാതിയും, സമുദായവും ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത പതിനഞ്ച് വർഷത്തേക്ക് രാജ്യത്തിന്റെ സമൃദ്ധിക്കായി സമ്പദ്ഘടന പ്രതിവർഷം എട്ടു ശതമാനം എങ്കിലും വളർച്ച കൈവരിക്കണം. ധനനയം ലഘൂകരിക്കുന്നതിനായി സ്വകാര്യ മേഖലയിൽനിന്നും കൂടുതൽ നിക്ഷേപം നടത്തണം. 2024-25 ഓടെ അഞ്ചു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുക എന്ന കേന്ദ്രത്തിന്റെ ലക്ഷ്യം പ്രശംസനീയമാണ്. എന്നാൽ, മധ്യവർഗത്തിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അതിലേറെ പ്രാധാന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.