ലക്‌നൗ: മീററ്റിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരോട് 'പാകിസ്ഥാനിലേക്ക് പോകൂ' എന്നാക്രോശിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. പൗരത്വ നിയമ ഭേദഗതിക്കെതിരെ വെള്ളിയാഴ്ച മിററ്റിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു എസ്.പി അഖിലേഷ് നാരായൺ സിംഗിന്റെ വിവാദ പരാമർശം. സംഭവത്തിന്റെ1.43 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധിപേർ എസ്.പിയെ വിമർശിച്ച് എത്തിയിരുന്നു.
'വീഡിയോ യാഥാർത്ഥ്യമാണെങ്കിൽ അപലപിക്കുന്നു.പൊലീസ് ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം. അക്രമം ജനങ്ങളുടെ ഭാഗത്ത് നിന്നായാലും പൊലീസിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. നിരപരാധികൾ ബുദ്ധിമുട്ടിലാകാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം'-മന്ത്രി പറഞ്ഞു.
'കറുപ്പും മഞ്ഞയും ബാൻഡുകൾ കെട്ടി പ്രതിഷേധിക്കുന്നവരോട് പാകിസ്ഥാനിലേക്ക് പോകാൻ പറയൂ. നിങ്ങൾക്ക് ചോറ് ഇവിടെയും കൂറ് മറ്റൊരിടത്തുമാണ്. നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ താത്പര്യമില്ലെങ്കിൽ നേരെ പാകിസ്ഥാനിലേക്ക് പോകൂ. ഇപ്പോൾ നടത്തുന്ന എല്ലാ പ്രതിഷേധങ്ങൾക്കും നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. നിങ്ങളുടെ വീടുകളിലെ എല്ലാവരെയും തൂക്കിയെടുത്ത് ജയിലിലിടും'- എന്നായിരുന്നു എസ്.പിയുടെ പരാമർശം.
അതേസമയം പ്രദേശത്തെ ചില പ്രതിഷേധക്കാർ ഉന്നയിച്ച പാകിസ്ഥാൻ അനുകൂല മുദ്രാവാക്യമാണ് ഇത്തരത്തിലൊരു പരാമർശത്തിന് കാരണമായതെന്ന് മീററ്റ് റേഞ്ച് ഇൻസ്പെക്ടർ ജനറൽ (ഐ.ജി) അലോക് സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.