sandeep-varrier

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി സിനിമാ താരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനെതിരെ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇപ്പൊഴിതാ സംവിധായകൻ ആഷിക് അബുവിനും മറ്റ് സിനിമാ പ്രവർത്തകർക്കുമെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും,​ ആഷിക് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിപാടിയുടെ വരവ് ചിലവ് കണക്കുകള്‍ പുറത്ത് വിടാന്‍ ബാധ്യസ്ഥരാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.

നേരത്തെ ആഷിക് അബുവും കൂട്ടരും സംഘടിപ്പിച്ച സംഗീത നിശയിലെ സാമ്പത്തിക വിവരങ്ങൾ പുറത്തുവിടണമെന്ന് യുവമോർച്ചാ നേതാവ് ആവശ്യപ്പെട്ടിരുന്നു. "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർത്ഥം എന്ന പേരിൽ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും,​ പണം കൈമാറിയ രേഖകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ട് 48 മണിക്കൂർ കഴിഞ്ഞു "-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഇക്കഴിഞ്ഞ നവംബർ ഒന്നിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണാർത്ഥം എന്ന പേരിൽ നടത്തിയ കരുണ സംഗീതനിശയുടെ വരവ് ചിലവ് കണക്ക് വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയ രേഖകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ട് 48 മണിക്കൂർ കഴിഞ്ഞു.

ആഷിക് അബു ,റിമ കല്ലിങ്കൽ, ബിജിപാൽ, ഷഹബാസ് അമൻ, സയനോര എന്നിവർ നാട്ടുകാരിൽ നിന്ന് ടിക്കറ്റ് വച്ച് പണം പിരിച്ചു നടത്തിയ പരിപാടിയുടെ കണക്ക് പുറത്തു വിടാൻ ബാധ്യസ്ഥരാണ്. എന്തുകൊണ്ട് ഇത്രയും ദിവസമായിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കൈമാറിയ വിവരങ്ങൾ പുറത്തുവിട്ടില്ല, കണക്കുകൾ പുറത്തു വിട്ടില്ല എന്നീ കാര്യങ്ങൾ ദുരൂഹതയായി തുടരുന്നു. നിങ്ങൾ എന്താണ് മറച്ചു വെക്കാൻ ശ്രമിക്കുന്നത്? എന്താണ് ജനങ്ങൾ മനസ്സിലാക്കേണ്ടത്?​