arif-


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ചു സംസാരിച്ചതിന് ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ ഗവർണർക്കെതിരെ സംഘാടകരും, വിദ്യാർഥികളുംപ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിൽ ഇന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഡി.ജി.പിയോടും ഇന്റലിജൻസ് എ.ഡി.ജി.പിയോടുമാണ് റിപ്പോർട്ട് തേടിയത്. ഈ വിഷയത്തിൽ ശക്തമായ വിമർശനം ഇന്നലെ തന്നെ ഗവർണർ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന പ്രതിഷേധത്തെ സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും എന്നാണ് ഗവർണറുടെ ഓഫീസ് അറിയിക്കുന്നത്.

യൂണിവേഴ്സിറ്റിക്കും സംഘടക സമിതിക്കും ഇത്തരം പ്രതിഷേധം ഉണ്ടാവുമെന്നു നേരത്തെ അറിയാമായിരുന്നു. സുരക്ഷയുടെ ഭാഗമായി പൊലീസ് ബാരിക്കേഡുകൾ തീർത്തപ്പോൾ സംഘാടക സമിതിയിൽ നിന്നും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സദസിൽ നിന്ന് മാത്രമല്ല വേദിയിലും പ്രതിഷേധം നടത്തിയത് സംഘാടകരുടെ അറിവോടെ ആണെന്നാണ് ഗവർണറുടെ ഓഫീസ് കരുതുന്നത്. ഇന്നലെ തന്നെ ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ ഗവർണർ പരിശോധിച്ചിരുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം.