തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസിനിടെയുണ്ടായ പ്രതിഷേധത്തിൽ ഗവർണർ ഡി.ജി.പിയോട് റിപ്പോർട്ട് തേടി. സംഘാടകരുടെ വീഴ്ച, ക്ഷണമില്ലാതെ പരിപാടിക്കെത്തിയവർ എന്നിവരെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടു. പരിപാടിക്ക് ശേഷം കണ്ണൂർ വി.സിയോട് ഗവർണർ വിശദീകരണം തേടിയിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ ഗവർണർക്കെതിരെ സംഘാടകരും, വിദ്യാർത്ഥികളും പ്രതിഷേധിച്ചത്. ഇതുസംബന്ധിച്ച് ഇന്നലെ തന്നെ ലഭ്യമായ വീഡിയോ ദൃശ്യങ്ങൾ ഗവർണർ പരിശോധിച്ചിരുന്നു. വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിഷേധക്കാർക്കെതിരെ കേസ് എടുക്കാനാണ് തീരുമാനം.
ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ആയിരുന്നു സംഭവം. ചരിത്ര കോൺഗ്രസ് പ്രതിനിധികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ ഗവർണർ ക്ഷുഭിതനായി. ഇതെതുടർന്ന് തന്നെ നിശബ്ദനാക്കാൻ ആകില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.