ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിലെ കാൻപൂരിൽ നടന്ന അക്രമങ്ങളിൽ കേരളത്തിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് യു.പി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. അക്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉത്തർപ്രദേശ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അക്രമങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ ചിത്രങ്ങൾ സഹിതം പോസ്റ്ററുകൾ ഉണ്ടാക്കുമെന്ന് പൊലീസ് പറയുന്നു. പോസ്റ്ററുകൾ കേരളത്തിലും ഡൽഹിയിലും പതിക്കാനാണ് അധികൃതരുടെ നീക്കം.
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നടന്ന പ്രക്ഷോഭങ്ങളിൽ 21പേർ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നിരുന്നു. സംഭവത്തിൽ 613 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും, സാമൂഹിക പ്രവർത്തകരുൾപ്പെടെ 28,750 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.