bjp

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ നിന്നും ബി.ജെ.പി ഇറങ്ങിപോയി. തിരുവന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ ബി.ജെ.പി വക്താക്കളായ എം.എസ് കുമാറും, പദ്മകുമാറുമാണ് പ്രതിഷേധിച്ചു ഇറങ്ങി പോയത്. ഇത്തരത്തിലൊരു യോഗം വിളിച്ചു കൂട്ടാൻ കേരള ഗവണ്മെന്റിനു അധികാരമില്ലെന്നും, ഭരണഘടന വിരുദ്ധമാണെന്നും ബി.ജെ.പി വക്താക്കൾ വ്യക്തമാക്കി.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു . രാജ്യസഭയും, ലോക്‌സഭയും ഒരു പോലെ പാസാക്കിയ നിയമ ഭേദഗതിക്കെതിരെ യോഗം ചേർന്ന് പ്രതിഷേധം സംഘടിപ്പിക്കാൻ സർക്കാരിന് അധികാരമില്ല. ഇതിപ്പോൾ ചെയ്തത് ഭരണഘടന വിരുദ്ധമാണ്. രാഷ്ട്രീയ പാർട്ടികൾ ജങ്ങളെ വിളിച്ചു കൂടി പ്രതിഷേധം സംഘടിപ്പിക്കുന്നത് പോലെ സർക്കാർ ചെയ്യാൻ തയ്യാറാവരുത്. അത് ജനാധിപത്യ വിരുദ്ധമാണ്.

ഗവർണർക്കെതിരെ നടന്ന ആക്രമണത്തിൽ പ്രമേയം പാസാക്കി പിരിയണം എന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും തയ്യാറായില്ല. അതിൽ പ്രതിഷേധിച്ചാണ്‌ ബി.ജെ.പി വക്താക്കൾ ഇറങ്ങി പോയത്.പൗരത്വ ഭേദഗതി നിയമം സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം ആണെന്നും, പൊതുഖജനാവിൽ നിന്നും പണമെടുത്ത് നിയമത്തിനെതിരെ സമരം ചെയ്യാൻ സർക്കാരിന് അധികാരമില്ലെന്നും എം.എസ് കുമാർ വ്യക്തമാക്കി.