ന്യൂഡൽഹി: രാജ്യത്തെ യുവാക്കള്‍ അസ്ഥിരതയ്ക്കും അരാജകത്വത്തിനും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്നവരാണ് യുവജനത. അവര്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് നല്ലാതാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലായിരുന്നു പ്രതികരണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരാണ് ഇന്നത്തെ യുവാക്കള്‍. വിശാലമായ പ്രശ്‌നങ്ങളില്‍ അവര്‍ക്ക് അഭിപ്രായങ്ങളുണ്ട്. ഇതൊരു വലിയ കാര്യമായി ഞാന്‍ കരുതുന്നു. അസ്ഥിരത, അരാജകത്വം, സ്വജനപക്ഷപാതം എന്നിവയൊന്നും ഇന്നത്തെ യുവാക്കള്‍ ഇഷ്ടപ്പെടുന്നില്ല' മോദി പറഞ്ഞു.
രാജ്യത്തെ യുവാക്കള്‍ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നവരും ബഹുമാനിക്കുന്നവരുമാണ്. അവര്‍ക്ക് രാജ്യത്തെ ഏത് നടപടിയെയും ചോദ്യം ചെയ്യാന്‍ അവകാശമുണ്ട്. അതിനെ ബഹുമാനിക്കുന്നവരാണ് ഭരണാധികാരികള്‍. അവര്‍ക്ക് അവരുടെ നിലപാട് അറിയിക്കാമെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ ദാരിദ്ര്യത്തില്‍ നിന്ന് നിശ്ചയദാര്‍ഢ്യത്തോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഫുല്‍പുരില്‍, സ്ത്രീകള്‍ പാദരക്ഷകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിച്ചു. കുടുംബത്തെ സംരക്ഷിക്കാന്‍ അവര്‍ സ്വയംവഴി കണ്ടെത്തുകയും ചെയ്തു. അവിടെ ഇപ്പോള്‍ ഒരു ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. അവരെ ഞാന്‍ പ്രശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.