1. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്ക് ഇടയില്‍ സൃഷ്ടിച്ച ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോയി. നിയമ ഭേദഗതിക്ക് എതിരെ യോഗം വിളിക്കാന്‍ സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ബി.ജെ.പി. സര്‍വ്വകക്ഷി യോഗം ഭരണഘടനാ വിരുദ്ധം എന്നും ബി.ജെ.പിയുടെ ആരോപണം. അതേസമയം, സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാണ് യു.ഡി.എഫിന്റെ നിലപാട്. ചര്‍ച്ചയ്ക്ക് ശേഷം നിലപാട് അറിയിച്ചാല്‍ മതി എന്ന് യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ ധാരണ. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മതസാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
2. പൗരത്വ ഭേദഗതി ജനങ്ങള്‍ക്ക് ഇടയിലുണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മതസാമൂഹ്യ സംഘടനാ നേതാക്കളുടെയും യോഗം വിളിച്ചത്. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടു വയ്ക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ച മുസ്ലിം സംഘടനാ നേതാക്കളുടെ യോഗവും ഇന്നാണ്. ഉച്ചയ്ക്കു ശേഷം കന്റോണ്‍മെന്റ് ഹൗസില്‍ ആണ് യോഗം
3. കാശ്മീര്‍ വിഷയത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗം വിളിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി പാക് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിക്കാന്‍ ആണ് ആലോചിക്കുന്നത്. ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍സൗദ് രാജകുമാരന്‍ ഇസ്ലാമാ ബാദില്‍ വച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യം അറിയിച്ചത്
4. സൗദി വിദേശകാര്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാശ്മീര്‍ വിഷയത്തിന് പുറമെ, ഇന്ത്യയിലെ പൗരത്വ നിയമവും എന്‍.ആര്‍.സിയും ചര്‍ച്ച ആയെന്നും ഖുറേഷി. കാശ്മീര്‍ വിഷയം ചര്‍ച്ചചെയ്യാന്‍ സൗദി യോഗം വിളിക്കുന്നത്, ഇന്ത്യ- സൗദി നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും എന്നാണ് വിലയിരുത്തല്‍. ഐക്യരാഷ്ട്ര സഭയില്‍ അടക്കം നേരത്തെ പാകിസ്ഥാന്‍ കാശ്മീര്‍ വിഷയം ഉയര്‍ത്തികാട്ടി ഇരുന്നു. എന്നാല്‍ കാശ്മീര്‍ തങ്ങളുടെ ആഭ്യന്തര വിഷയം മാത്രമാണ് എന്ന് ആയിരുന്നു ഇന്ത്യന്‍ നിലപാട്
5. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഉത്തര്‍പ്രദേശില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്ന് ഉള്ളവര്‍ക്കും പങ്ക് എന്ന് യു.പി പൊലീസ്. ഇവരെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കേരളത്തിലും യു.പിയിലും പോസ്റ്റര്‍ പതിപ്പിക്കും എന്ന് യു.പി പൊലീസ് അറിയിച്ചു. അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പതിപ്പിക്കാന്‍ ആണ് നീക്കം. കാണ്‍പൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ആണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്ക് ഉള്ളതായി യു.പി പൊലീസ് ആരോപിക്കുന്നത്.
6. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരെ പ്രതിഷേധിച്ച അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10,000 പേര്‍ക്ക് എതിരെ ഇതിനോടകം പൊലീസ് കേസ് എടുത്തിട്ടുണ്ട്. കലാപം സൃഷ്ടിക്കല്‍, പൊതു മുതല്‍ നശിപ്പിക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രക്ഷോഭകാരികള്‍ക്ക് എതിരായ പൊലീസ് നടപടികളെ പ്രകീര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളെ നേരിട്ടതില്‍ യു.പി പൊലീസിന് എതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
7. ഉത്തര്‍പ്രദേശിലെ മീററ്റില്‍ പൗരത്വനിയമ ഭേദഗതിക്ക് എതിരേ പ്രതിഷേധിച്ചവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട പൊലീസുകാരന് എതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. എസ്.പിയുടെ പരാമര്‍ശം അപലപനീയം എന്ന് മന്ത്രി. അക്രമം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാന്‍ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണം എന്നും മുഖ്താര്‍ അബ്ബാസ് നഖ്വി കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് ഒരു എസ്.പിക്ക് എതിരെ ബി.ജെപി നേതാവ് രംഗത്ത് വരുന്നത്. മീററ്റ് എസ്.പി. അഖിലേഷ് നാരായണ്‍ സിംഗാണ് പ്രതിഷേധക്കാര്‍ക്ക് എതിരെ വര്‍ഗീയ ചുവയോടെ സംസാരിച്ചത്. മീററ്റില്‍ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ പാകസ്ഥാനിലേക്ക് പോകണം എന്നായിരുന്നു എസ്.പിയുടെ വര്‍ഗീയ പരാമര്‍ശം.
8. പൊലീസ് അപമര്യാദയായി പെരുമാറിയെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി യു.പി പൊലീസ് രംഗത്ത്. മര്‍ദിച്ചെന്ന പ്രിയങ്കയുടെ ആരോപണം ശരിയല്ല. അവരോടു ആരും മോശമായി പെരുമാറിയിട്ടില്ല. തന്റെ എന്റെ കടമ മാത്രമാണ് നിര്‍വഹിച്ചത് എന്നും സുരക്ഷാ ചുമതല ഉണ്ടായിരുന്ന സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അര്‍ച്ചനാ സിംഗ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനം നടത്തവേ ആയിരുന്നു പ്രിയങ്ക ഗാന്ധിയെ പൊലീസ് കൈയേറ്റം ചെയ്തതായി പരാതി വന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരേ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ദാരാപുരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകവേ പൊലീസ് തന്നെ കഴുത്തിനു കുത്തിപ്പിടിച്ച് തള്ളിയിട്ടു എന്നായിരുന്നു പ്രിയങ്കയുടെ ആരോപണം.
|
|
|