kala-mohan

വിവാഹേതര ബന്ധംമൂലം കുടുംബ ജീവിതം തകരുന്ന നിരവധിയാളുകൾ ഉണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങൾ പുറത്തറിയിക്കാതിരിക്കാൻ പലതും ആവശ്യപ്പെട്ട് കാമുകനോ അല്ലെങ്കിൽ കാമുകിയോ ഭീഷണിപ്പെടുത്തുന്ന നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്.

ഇരുപത് വർഷം മുൻപ് മെന്റൽ ഹോസ്പിറ്റലിൽ ട്രെയിനിങ്ങിനു എത്തിയതിനു ശേഷമാണു വിവാഹേതര ബന്ധം എന്നൊരു കാര്യത്തെ അറിയുന്നതെന്ന് കലാമോഹൻ കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെ സുഹൃത്താണ് യുവതിയുടെ കാമുകൻ. ഇവരുടെ പ്രണയം ആരംഭിച്ചതിനെക്കുറിച്ചും,അത് ജീവിതത്തിൽ വില്ലനായത് എങ്ങനെയെന്നതിനെക്കുറിച്ചു അവർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇരുപത് വർഷം മുൻപ് മെന്റൽ ഹോസ്പിറ്റലിൽ ട്രെയിനിങ്ങിനു എത്തിയതിനു ശേഷമാണു വിവാഹേതര ബന്ധം എന്നൊരു കാര്യത്തെ അറിയുന്നത്..
ആകെ ഷോക്ക്..
അങ്ങനെ ഉണ്ടാകാമോ..?
വിവാഹം കഴിഞ്ഞിട്ട് ഭാര്തതാവിനെ അല്ലാതെ ഒരാളെ പിന്നെ സ്നേഹിക്കുകയോ..?
അന്ന് ഞാൻ,
സൈക്കോളജിസ് ആയിട്ടില്ല..
ട്രെയിനീ ആണ്...
ആ കേസ്,
അനാഥ ആയ സ്ത്രീ , അവർക്കൊരു ജീവിതം കൊടുത്ത വലിയ ബിസിനസ്കാരൻ ഭാര്തതാവ്..
സന്തോഷമായി രണ്ടു കുഞ്ഞുങ്ങളുമായി കഴിയുന്ന സമയം..
ഭാര്യ മനസികവിഭ്രാന്തി കാണിച്ചു തുടങ്ങി..
മാനസികമായ അസ്വസ്ഥതയും മർദ്ദവും മിക്കവർക്കും അനുഭവപ്പെടാം..
എന്നാൽ , അത്തരം പ്രശ്നങ്ങൾ ദീർഘസ്ഥായിയും അകാരണവും ആണെങ്കിൽ അതാണ് മനുഷ്യന്റെ മനസ്സിന്റെ ആതുരാവസ്ഥ..
ഇത്തരം അവസ്ഥ ഉള്ളവർ ഒക്കെ മാനസിക രോഗികൾ ആണോ..?
ചിന്തയുടെ ഒഴുക്ക് സാധാരണഗതിയിൽ ലക്ഷ്യബോധത്തോടെ ,
നിയന്ത്രിതവും സുഗ്രാഹ്യവും ആണ്..
എന്നാൽ ,ആതുരാവസ്ഥയിൽ ആണ് കുഴപ്പം പിടിക്കുന്നത്..

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത,
ബൊമ്മ കുട്ടിയെ പോലെ ഒരു സ്ത്രീ..
ആദ്യമൊക്കെ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല..
പിന്നെ , പതുക്കെ പ്രശ്നത്തിന്റെ ഇരുണ്ട ലോകത്തിലേക്കു ഇറങ്ങി..
ഞാൻ ശ്രദ്ധിച്ചു കേട്ടിരുന്നു...

''''ഒന്നും വാങ്ങിച്ചിട്ടല്ല..എനിക്കൊരു അനാഥയെ വിവാഹം കഴിക്കണം എന്നുണ്ടായിരുന്നു.., ഇവളെ മാത്രമേ നോക്കിയുള്ളൂ ഞാൻ..''

തന്നെ ചേർത്ത് പിടിച്ചു മറ്റുള്ളവരുടെ മുന്നിൽ ഭാര്തതാവ് പറയുമ്പോൾ അഭിമാനമല്ല.
അപമാനമാണ് തോന്നിയിരുന്നത്..
വെച്ച് നീട്ടിയ ഔദാര്യം പോലെ..
അപകർഷതാ ബോധം നുരഞ്ഞു പൊങ്ങി..
അദ്ദേഹത്തിനത് പറഞ്ഞു തിരുത്താൻ ആരുമില്ല..
എല്ലാവരും തന്നെ ഒരു കൗതുക വസ്തു ആയിട്ടാണ് കാണുന്നതെന്ന് തോന്നി..

അതിനെ എതിർത്ത് സംസാരിച്ചത് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തതാണ്..
എന്നും ഇപ്പോഴും ഭാര്തതാവിന്റെ നിഴലായ് കൂടെ നടക്കുന്ന ഒരാൾ.
അദ്ദേഹത്തിന് അനിയനെ പോലെ ആണ്...
കാണാൻ അതി സുന്ദരൻ..
തന്റെ മനസ്സിലെ വിങ്ങൽ ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ..
അവിടെ നിന്നും അവരുടെ ഹൃദയബന്ധം വളർന്നു..
ഏത് സമയത്തും കിടപ്പറയിൽ പോലും കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം കൂട്ടുകാർക്കു കൊടുക്കുന്നത് ആദ്യം ഇഷ്‌ടമില്ലായിരുന്ന ഭാര്യ ക്രമേണ ഈ കൂട്ടുകാരന്റെ വലയിലായി..

അരുതുകൂടാത്ത കാര്യം നടന്നു കഴിഞ്ഞു..
കാലം ചെന്നപ്പോൾ ആണ് കാമുകന്റെ തനി സ്വഭാവം മനസ്സിലാക്കുന്നത്..
പൈസ ചോദിച്ചു ഭീഷണി..
അതിൽ വഴങ്ങാതെ വന്നപ്പോൾ മറ്റു പുരുഷന്മാരോട് പറഞ്ഞിട്ട് ,
അവരും വിളികൾ..
ഞങ്ങളും വരട്ടെ എന്നുള്ള ചോദ്യങ്ങൾ..
ഭാര്തതാവിനെ കാൾ സ്നേഹിച്ചതാണ്..
കള്ളം തിരിച്ചറിയാനുള്ള ലോക വിവരവും കാഴ്ചപ്പാടും ഇല്ല..
രണ്ടു മക്കളായി..
ഭാര്തതാവ് ഉപേക്ഷിച്ചാൽ പഴയ അനാഥമന്ദിരത്തിൽ പോലും സ്ഥാനമുണ്ടാകില്ല..
ഓർത്തും ചിന്തിച്ചും മനസ്സിൽ കാട് കേറി..
ഉറക്കം നഷ്‌ടമായി,.
പിച്ചും പേയും പറഞ്ഞു തുടങ്ങി..
അങ്ങനെ ആണ് ആശുപത്രിയിൽ എത്തിച്ചത്..

ബോധത്തിന്റെ നല്ല അവസ്ഥയിൽ എത്തിയപ്പോൾ എനിക്കദ്ദേഹത്തോടു എല്ലാം പറയണം എന്നും പറഞ്ഞു കരച്ചിൽ ആയി..
പറയാതെ വയ്യല്ലോ..
പക്ഷെ പറഞ്ഞാൽ , അയാൾ ഉൾക്കൊള്ളുമോ..?
എന്റെ സംശയം ഡോക്ടറിനും ഇല്ലാതില്ല..
കരയുകയും ചിരിക്കുകയും ഒരേ പോലെ ചെയ്തു കൊണ്ട് ഞങ്ങളുടെ മുന്നിൽ ഇരുന്ന ആ മനുഷ്യന്റെ രൂപം എത്ര വര്ഷം കഴിഞ്ഞും മനസ്സിലുണ്ട്.
.
അവളെ ഞാൻ അത്ര സ്നേഹിച്ചതാണ്..
എന്റെ കൂടപ്പിറപ്പുകളെ കാൾ സ്നേഹമായിരുന്നു കൂട്ടുകാരനോട്..
ചതി ഒന്നല്ല..
രണ്ടാണ്...!!
നോക്കാം ..എല്ലാം മറക്കാനും പൊറുക്കാനും..
മരവിച്ച ചിതറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു..

രണ്ടു മൂന്ന് ദിവസം അയാൾ അവരുടെ മുറിയിൽ പോയിട്ടില്ല.
ഭക്ഷണം ജോലിക്കാരൻ എത്തിച്ചെങ്കിലും അവർ കഴിക്കാൻ കൂട്ടാക്കിയില്ല..
ഒരുപാടു നിർബന്ധിച്ചു അവർ കുറച്ചു തിന്നെന്ന് വരുത്തി..
അങ്ങനെ ആ ദിവസം ഞാൻ ചെല്ലുമ്പോൾ..
അവർ പോകാൻ ഇറങ്ങുക ആണ്...
എന്ത് വിധിയും ഏറ്റ് വാങ്ങാൻ തയ്യാറായ പോലെ ശാന്തമായ മുഖത്തോടെ അവരും ,
ആരെയും നോക്കാതെ ആ മനുഷ്യനും എന്നെ കടന്നു പോയി..

ആശുപത്രി വിട്ടെങ്കിലും ഇടയ്ക്കു ഡോക്ടർ നെ കാണുമ്പോൾ ഞാൻ ആ കേസ് ചോദിക്കുമായിരുന്നു..
''അയാൾക്കു ഇപ്പോൾ കുടി കൂടുതൽ ആണ്..
ഇടയ്ക്കു വരാറുണ്ട്..
അവരെ കളഞ്ഞിട്ടില്ല..''
ഡോക്ടർ പറഞ്ഞു..

ആ മനുഷ്യനെ ഓർത്തു വല്ലാത്ത സങ്കടം ഉണ്ടായി...
ആ സ്ത്രീയോട് പേരറിയാത്ത എന്തൊക്കെയോ വികാരം..
ന്യായീകരിക്കാൻ ഒന്നുമില്ല..
പക്ഷെ, അവരെ വെറുക്കാനും പറ്റില്ല..

അനാഥ ആയ അവരുടെ ജീവിതത്തിലോട്ടു ഒരു പുരുഷൻ വരുന്നു..
മനസ്സിൽ ഒന്നിനോടും ആരോടും ആഹ്ലാദമോ ദുഖമോ മമതയോ ദേഷ്യമോ ഒന്നുമില്ലാത്ത അവസ്ഥ എന്നിട്ടും മാറിയില്ല..
ജീവിതം തന്നതിന്റെ കണക്കു കേട്ട് കിട്ടിയ പുതിയ ജീവിതം ഉൾകൊള്ളാൻ അവസരം കിട്ടിയില്ല.. ഒടുവിൽ,
വരണ്ട് കിടന്ന വികാരങ്ങളെ ചൂഷണം ചെയ്യപ്പെട്ടു..

സ്നേഹത്തിനു പകരം സഹതാപം ആരും ആഗ്രഹിക്കില്ല..
അതൊരു തരത്തിൽ അപവദിക്കപ്പെടുന്ന അവസ്ഥ ആണ്..
മനുഷ്യന് ആർത്തി ഒന്നിനോട് മാത്രമാണ് ,
പരിഗണയോടു കൂടിയുള്ള സ്നേഹത്തിനോട്...!!
ശെരിയല്ലേ??

കല, കൗൺസലിംഗ് സൈക്കോളജിസ്റ്