
റാഞ്ചി: ജാർഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് റാഞ്ചിയിലെ മൊറബാദി മൈതാനത്ത് നടന്ന ചടങ്ങിൽവെച്ചാണ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സി.പി.എം ജനറൽ സെക്രട്ടറി സീതാരം യെച്ചൂരി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സോറന് ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Congratulations & blessings to @HemantSorenJMM on being sworn in as the CM of #Jharkhand.Unable to attend the ceremony due to indifferent health,I extend my good wishes to you for a successful new term. May you uphold the faith shown by the people in you & the alliance you led.
— Pranab Mukherjee (@CitiznMukherjee) December 29, 2019
81 സീറ്റുകളിൽ 47നേടിയാണ് കോൺഗ്രസ്-എൽ.ജെ.ഡി സഖ്യം അധികാരത്തിൽ എത്തിയത്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റാണ് വേണ്ടിയിരുന്നത്. 30 സീറ്റ് നേടി മഹാസഖ്യത്തിലെ ജാർഖണ്ഡ് മുക്തിമോർച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒറ്റയ്ക്ക് മത്സരിച്ച ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത് 26 സീറ്റ് മാത്രം.സോറൻ മത്സരിച്ച് ധുംക, ബാർഹെത് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.
അതേസമയം, മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും ബി.ജെ.പി അദ്ധ്യക്ഷൻ ലക്ഷമൺ ഗിലുവ ചക്രധർപൂരിലും പരാജയപ്പെട്ടത് പാർട്ടിക്ക് ഇരട്ടി പ്രഹരമായി. ബി.ജെ.പി വിമതനും മുൻ മന്ത്രിയുമായ സരയു റായ് ആണ് മുഖ്യമന്ത്രി രഘുബർ ദാസിനെ പരാജയപ്പെടുത്തിയത്. ഗോത്ര മേഖലകളിലും ബി.ജെ.പിക്ക് അടിപതറി. എക്സിറ്റ് പോൾ ഫലവും ബി.ജെ.പിക്ക് എതിരായിരുന്നു.