റിയാദ്: കാശ്മീരിലെ നിലവിലെ സ്ഥിതി വിലയിരുത്താൻ മുസ്ലീം രാജ്യങ്ങളുടെ യോഗം ചേരും. പാകിസ്ഥാന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കാശ്മീരില്‍ മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും, കാശ്മീര്‍ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആഗോള തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‍മയായ ഓര്‍ഗനൈസേഷന്‍ ഒഫ് ഇസ്ലാമിക് കോർപറേഷന്‍ (ഒ.ഐ.സി) ആണ് കാശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടുന്നത്.
ഒ.ഐ.സിയുടെ നീക്കം നയതന്ത്ര തലത്തിൽ ഇന്ത്യക്ക് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കാശ്മീര്‍ വിഷയത്തില്‍ സൗദി ഇടപെടുമ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതുവരെ കാശ്മീര്‍ വിഷയത്തില്‍ അകലം പാലിച്ചിരുന്ന സൗദി അറേബ്യ പാകിസ്ഥാന്റെ സമ്മര്‍ദ്ദം മൂലമാണ് ഒ.ഐ.സി യോഗം വിളിക്കുന്നത്. മലേഷ്യയില്‍ കഴിഞ്ഞാഴ്ച നടന്ന മുസ്ലീം നേതാക്കളുടെ യോഗത്തില്‍ സൗദിയുടെ ആവശ്യം പരിഗണിച്ച് പാകിസ്ഥാന്‍ പങ്കെടുത്തിരുന്നില്ല.
ഇസ്ലാമിക രാജ്യങ്ങളിലെ പ്രത്യേക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ച യോഗം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മായുമായി ബന്ധമില്ലാത്തതാണെന്ന നിലപാടാണ് സൗദി അറേബ്യ സ്വീകരിച്ചത്. മലേഷ്യയെ കൂടാതെ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ഉച്ചക്കോടിയില്‍ പങ്കെടുത്തു. ഇവയെല്ലാം തന്നെ സൗദിയുമായി ഇടഞ്ഞു നില്‍ക്കുന്ന രാജ്യങ്ങളാണ്. കാശ്മീര്‍ വിഷയത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്ക് ശേഷമുള്ള സാഹചര്യവും പാകിസ്ഥാന്‍ ചര്‍ച്ചയാക്കും എന്നാണ് സൂചന.