pina-chenni

.

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു ഭരണ പ്രതിപക്ഷങ്ങൾ യോജിച്ച പ്രക്ഷോഭങ്ങൾ നടത്താൻ തത്ത്വത്തിൽ ധാരണയായി. മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യ മന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും യോഗം ചുമതലപ്പെടുത്തി. തുടർ പ്രതിഷേധങ്ങൾ ഇരുവരും ചർച്ച ചെയ്തു തീരുമാനിക്കും.

എന്നാൽ നിയമത്തിനെതിരെ ഭരണ ഘടന സംരക്ഷണ സമിതി പോലെയുള്ള വേദി രൂപീകരിക്കുന്നതിനെപ്പറ്റി നിർദേശങ്ങൾ ഒന്നും സർക്കാർ മുന്നോട്ട് വച്ചില്ല. എന്നാണ് സമരം എന്നോ, സ്ഥിരമായി ഒരു വേദി വേണോ എന്ന കാര്യത്തിലും തീരുമാനമായില്ല. സംരക്ഷണ സമിതി പോലെയുള്ള ആശയങ്ങൾക്ക് പ്രതിപക്ഷത്തിന് പൂർണ യോജിപ്പില്ല. അതിനാൽ പ്രതിപക്ഷത്തിന്റെ അഭിപ്രായം കൂടെ കേട്ടതിനു ശേഷമായിരിക്കും ഇത്തരം വിഷയങ്ങളിൽ നിലപാട് എടുക്കുന്നത്.

സംസ്ഥാനത്ത് ഗവർണർക്കെതിരായ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. വർഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാൽ കർശന നടപടിയെടുക്കുമെന്നും പിണറായി മുന്നറിയിപ്പ് നൽകി . പ്രക്ഷോഭങ്ങളിൽ ആവശ്യമില്ലാത്തവർക്ക് ഇടം കൊടുക്കാതിരക്കാൻ സംഘടനകൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രത്യേക നിയമ സഭ സമ്മേളനം വിളിച്ചു ഭരണഘടന സംരക്ഷണത്തിനുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ കേന്ദ്രത്തെയും, രാഷ്ട്രപതിയെയും അറിയിക്കണം. സർവകക്ഷി സംഘം രൂപികരിച്ചു രാഷ്ട്രപതിയെ നേരിട്ട് കാണണം. യു.എ.പി.എ പോലയുയല്ല നിയമങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തരുതെന്നും, അനാവശ്യമായി കേസുകൾ അടിച്ചേൽപ്പിക്കുന്ന നടപടി സംസ്ഥാന സർക്കാർ നിർത്തലാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ നടപ്പാക്കണം. കരുതൽ തടങ്കലുകൾ സ്ഥാപിക്കാൻ ഏതെങ്കിലും തരത്തിൽ സർക്കാർ നീക്കം നടന്നിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. കേരളം ഈ നിയമത്തിനു എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. സർവകക്ഷി യോഗത്തിൽ വിവിധ രഷ്ട്രീയ നേതാക്കളും, സാമുദായിക സംഘടനാ ഭാരവാഹികളും പങ്കെടുത്തു. എന്നാൽ യോഗം തുടങ്ങുന്നതിനു മുൻപ് ബി.ജെ.പി പ്രതിനിധികൾ പ്രതിഷേധിച്ച് ഇറങ്ങി പോയി.