മൂന്ന് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു
റാഞ്ചി:പ്രതിപക്ഷ നേതാക്കളുടെ ശക്തിപ്രകടനമായ ചടങ്ങിൽ ജാർഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് തലസ്ഥാനമായ റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡിൽ പുതുയുഗത്തിന്റെ തുടക്കമെന്നു പ്രഖ്യാപിച്ച് ‘സങ്കൽപ് ദിവസ്’ എന്ന പേരിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിയത്.
44 വയസുള്ള ഹേമന്ത് സോറൻ രണ്ടാം തവണയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. 2010ൽ അർജുൻ മുണ്ട മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന സോറൻ 2013ലാണ് ആദ്യം മുഖ്യമന്ത്രിയായത്.
ജാർഖണ്ഡ് കോൺഗ്രസ് അദ്ധ്യക്ഷൻ രാമേശ്വർ ഒറാൻ, കോൺഗ്രസ് നിയമസഭാ കക്ഷി
നേതാവ് ആലംഗീർ ആലം, ആർ.ജെ.ഡിയുടെ ഏക എം. എൽ. എ സത്യാനന്ദ് ഭോഗ്ത എന്നിവർ മന്ത്രിമാരായും അധികാരമേറ്റു. മറ്റ് മന്ത്രിമാരുടെ ലിസ്റ്റ് ഇന്നലെ വൈകിട്ട് സോറൻ ഗവർണർക്ക് സമർപ്പിച്ചു. സഖ്യകക്ഷികളുമായുള്ള വകുപ്പ് വിഭജനം പൂർത്തിയായ ശേഷം അവർ അധികാരമേൽക്കും. ജാർഖണ്ഡിന് മുഖ്യമന്ത്രി ഉൾപ്പെടെ മൊത്തം 12 മന്ത്രിമാരാകാം.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാക്കളുടെ നീണ്ടനിരയുണ്ടായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിൻ, ഡി. എം. കെ എം. പി കനിമൊഴി, എൻ. സി. പി. നേതാവ് സുപ്രിയ സുലേ, എൽ.ജെ.ഡി നേതാവ് ശരദ് യാദവ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എന്നിവർ പങ്കെടുത്തു. മകൻ മുഖ്യമന്ത്രിയാകുന്നത് കാണാൻ ഹേമന്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറനും എത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പട്ട മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ട്വിറ്ററിൽ സോറന് ആശംസ അറിയിച്ചു.
81അംഗ സഭയിൽ ജെ. എം. എം - കോൺഗ്രസ് - ആർ.ജെ.ഡി മഹാസഖ്യം - 47 സീറ്റ് നേടിയാണ് അധികാരത്തിൽ എത്തിയത്. ജാർഖണ്ഡ് വികാസ് മോർച്ചയുടെ മൂന്നും സി.പി.ഐ എം. എല്ലിന്റെ ഒന്നും അംഗങ്ങളും മഹാസഖ്യത്തെ പിന്തുണയ്‌ക്കും.
ധുംക, ബാർഹെത് മണ്ഡലങ്ങളിൽ ജയിച്ച സോറൻ ഒഴിയുന്ന സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
കക്ഷിനില
ആകെ സീറ്റ് - 81
കേവല ഭൂരിപക്ഷം- 41
ജെ. എം. എം.- 30
കോൺഗ്രസ് -16
ആർ.ജെ.ഡി - 1
ബി.ജെ.പി - 26
ജാർഖണ്ഡ് വികാസ് മോർച്ച - 3
സി.പി.ഐ എം. എൽ -1
മറ്റുള്ളവർ - 3