up-police-release-photo

ലക്‌നൗ: ഉത്തർപ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ മലയാളികൾക്കും പങ്കുണ്ടെന്ന് യു.പി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഡൽഹിയിൽനിന്നുള്ളവർക്കും അക്രമങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാൺപൂരിലെ കലാപത്തിൽ പങ്കുള്ള കേരളത്തിൽ നിന്നുള്ളവരെ കണ്ടെത്താൻ കേരളത്തിലടക്കം പോസ്റ്റർ പതിക്കുമെന്നും യു.പി പൊലീസ് വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് യു.പി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. യു.പിയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അക്രമസംഭവങ്ങളിൽ മലയാളികളുമുണ്ടെന്ന് പൊലീസ് അറിയിച്ചത്.

കാൺപൂരിലെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരുടെ പോസ്റ്ററുകൾ തയ്യാറാക്കും. അവ യു.പിയിലും ഡൽഹിയിലും കേരളത്തിലും പതിക്കും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിലെ പലയിടങ്ങളിലും വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. 20ഓളം പേർ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെ അക്രമം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ യു.പി സർക്കാർ സ്വീകരിച്ചിരുന്നു.