chennai

ചെന്നൈ: ചെന്നൈയിൽ പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ പട്ടിക, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്ക്കെതിരെ പ്രതിഷേധിച്ച് നിരത്തിൽ കോലം വരച്ചതിന് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ ബസന്ത് നഗർ നിവാസികളായ ഗായത്രി, മദൻ, ആരതി, കല്യാണി, പ്രഗതി എന്നിവരെയാണ് കോലം വരച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരെ പുറത്തിറക്കാനായി പൊലീസ് സ്റ്റേഷനിലെത്തിയ രണ്ട് അഭിഭാഷകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകരും സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇവരെയും പിടികൂടിയത്. ശേഷം ഏഴുപേരെയും തൊട്ടടുത്ത കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. മണിക്കൂറുകൾക്ക് ശേഷം ഇവരെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, തങ്ങളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തതായി പ്രതിഷേധിച്ചവർ ആരോപിച്ചു.

ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സ്ത്രീകൾ അടക്കമുള്ളവർ ബസന്ത് നഗറിലെ വീടിന് പുറത്തുള്ള വഴിയിൽ പ്രതിഷേധ കോലങ്ങൾ വരച്ചുതുടങ്ങിയത്. 'നോ സി.എ.എ, നോ എൻ.ആർ.സി, നോ എൻ.പി.ആർ" എന്നിങ്ങനെയെല്ലാം കോലങ്ങളിൽ എഴുതിയിരുന്നു. ഒമ്പതുമണിയോടെ പൊലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. അനധികൃതമായി സംഘം ചേർന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന കുറ്റമാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത്.