തിരുവനന്തപുരം: ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണർക്കെതിരെ പ്രതിഷേധം നടത്തിയതിൽ മറുപടിയുമായി ചരിത്രകാരൻ ഇർഫാൻ ഹബീബ്. കണ്ണൂർ യൂണിവേഴ്സിറ്റിക്കും, സർക്കാരിനുമെതിരെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. ചരിത്ര കോൺഗ്രസ് വേദിയിൽ എന്തിന് പൊലീസ് വന്നു എന്ന് ഗവൺമെന്റ് വ്യക്തമാക്കണം. സമാധാനപരമായി പ്രതിഷേധിച്ചവരെ കസ്റ്റഡിയിൽ എടുത്തതിനും, വേദിയിൽ കയറിയതിനും പോലീസും സർക്കാരും മറുപടി പറയണമെന്നും ഇർഫാൻ ആവശ്യപ്പെട്ടു.
ചരിത്ര കോൺഗ്രസിൽ നടക്കുന്ന പരിപാടികൾ തീരുമാനിക്കുന്നത് തങ്ങളാണ്. എന്നാൽ കണ്ണൂർ യൂണിവേഴ്സിറ്റിയാണ് ഗവർണറെ അഥിതിയായി ക്ഷണിച്ചത്, ചരിത്ര കോൺഗ്രസ് അല്ല, നിലവിൽ ചർച്ച വഴി തിരിച്ചു വിട്ടത് ഗവർണർ ആണ്. ചടങ്ങിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ല. നിലവിൽ ഗവർണറുടെ അഭിപ്രായത്തെ താൻ മുഖവിലക്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ ഗവർണർക്കെതിരെ സംഘാടകരും, വിദ്യാർത്ഥികളും പ്രതിഷേധിച്ചത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ആയിരുന്നു സംഭവം. ചരിത്ര കോൺഗ്രസ് പ്രതിനിധികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ ഗവർണർ ക്ഷുഭിതനായി. ഇതെതുടർന്ന് തന്നെ നിശബ്ദനാക്കാൻ ആകില്ലെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തെയും അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചതിന് പിന്നാലെ ഗവർണർക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.