saudi-minister

സ്ഥിതി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: നയതന്ത്രതലത്തിൽ ഇന്ത്യയെ അസ്വസ്ഥപ്പെടുത്തി,

ജമ്മു കാശ്‌മീരിലെ സ്ഥിതി ചർച്ചചെയ്യാൻ സൗദി അറേബ്യ, മുസ്ളീം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (ഒ.ഐ.സി) യോഗം വിളിക്കും. പാകിസ്ഥാനെ പ്രീണിപ്പിക്കാനായി സൗദി അറേബ്യയിൽ നടക്കുന്ന യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഒ.ഐ.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യ ഇതിൽ അംഗമല്ല.
പാകിസ്ഥാൻ സന്ദർശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ് രാജകുമാരൻ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടിക്കാഴ്ചയിൽ കാശ്‌മീർ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എൻ.ആർ.സിയും ചർച്ച ചെയ്തതായും ഖുറേഷി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയിലടക്കം നേരത്തെ പാകിസ്ഥാൻ കാശ്‌മീർ വിഷയം ഉന്നയിച്ചിരുന്നു. കാശ്‌മീർ തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

57 രാജ്യങ്ങൾ ഒ.ഐ.സിയിൽ അംഗങ്ങളാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് അടുത്തിടെ ഒ.ഐ.സി പ്രസ്താവന നടത്തിയിരുന്നു. പൗരത്വ വിഷയം, ബാബറി മസ്ജിദ് തുടങ്ങിയ ഇന്ത്യയിലെ പ്രശ്നങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും ഒ.ഐ.സി അറിയിച്ചിരുന്നു.

ഇന്ത്യയ്‌ക്ക് തിരിച്ചടിയാകുമോ?

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ സൗദി ഉൾപ്പെടെയുള്ള ചില ഗൾഫ് രാജ്യങ്ങളെ കൂടെ നിറുത്താനായത് മോദി സർക്കാർ നേട്ടമായി കാട്ടിയിരുന്നു. സൗദി കാശ്‌മീർ യോഗം വിളിച്ചത് നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പിന്നിൽ പാക് സമ്മർദ്ദം

ഒ.ഐ.സി കാശ്‌മീർ യോഗം വിളിക്കുന്നതിന് പിന്നിൽ പാകിസ്ഥാന്റെ സമ്മർദ്ദമാണെന്നാണ് സൂചന. ഇസ്‌ലാമിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച മലേഷ്യയുടേ നേതൃത്വത്തിൽ ചേർന്ന ഇസ്ലാമിക രാജ്യങ്ങളുടെ യോഗത്തിൽ നിന്ന് സൗദി അറേബ്യ പാകിസ്ഥാനെ പിന്തിരിപ്പിച്ചിരുന്നു. കാശ്‌മീരിന് വേണ്ടി ഒ.ഐ.സി യോഗം വിളിക്കാമെന്ന് ഉറപ്പു നൽകിയാണിത്. സൗദിയും യോഗം ബഹിഷ്‌കരിച്ചിരുന്നു. മലേഷ്യയുടെ നേതൃത്വത്തിൽ ഇസ്ലാമിക രാജ്യങ്ങൾ സംഘടിച്ചാൽ തങ്ങളുടെ മേൽക്കോയ്‌മ നഷ്ടമാകുമെന്ന സൗദിയുടെ ആശങ്കയാണ് പിന്നിൽ.

മലേഷ്യൻ യോഗത്തിന്റെ പ്രധാന വക്താവായിരുന്നു പാകിസ്ഥാൻ.

കഴിഞ്ഞ മാർച്ചിൽ ഒ.ഐ.സി ഉച്ചകോടിയിൽ അതിഥിയായി അന്നത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെ ക്ഷണിച്ചിരുന്നു. അതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ യോഗം ബഹിഷ്കരിച്ചിരുന്നു. ഉച്ചകോടിയിൽ സുഷമയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു.