കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിനെതിരെ കടയടപ്പ് സമരവുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. ബദൽ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്നും കൃത്യമായ ആസൂത്രണമില്ലാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ജനുവരി രണ്ട് മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ പറഞ്ഞു.
കോഴിക്കോട് ചേർന്ന വ്യാപാരി വ്യവസായി ഏകോപനസമിതി യോഗത്തിലാണ് തീരുമാനം.
ജനുവരി ഒന്ന് മുതൽ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ധൃതി പിടിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക വഴി വൻകിടക്കാരെ സഹായിക്കുകയാണ് സർക്കാരെന്ന് ടി. നസിറുദ്ദീൻ ആരോപിച്ചു. മിൽമയ്ക്കും വലിയ കമ്പനികൾക്കും ബാധകമല്ലാത്ത നിയമം ചെറുകിടക്കാരെ തകർക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്നിന് നടപടിയെടുത്താൽ രണ്ട് മുതൽ പ്രതിഷേധം തുടങ്ങും. ജനുവരി എട്ടിനുള്ള ഹർത്താലിൽ സഹകരിക്കില്ലെന്നും കടകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ സമയ പരിധി നീട്ടണമെന്ന് വ്യാപാരികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഘട്ടം ഘട്ടമായി നിരോധനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.