mg

ഇന്ത്യൻ വിപണിയിൽ പുതു ചരിത്രമെഴുതിക്കൊണ്ടാണ് മോറിസ് ഗെറാഷസ് അഥവാ എം.ജി എന്ന ബ്രിട്ടീഷ് വാഹന ബ്രാൻഡ് കടന്നുവന്നത്. എം.ജിയുടെ ഇന്ത്യയിലെ ആദ്യ മോഡലും തികഞ്ഞൊരു എസ്.യു.വിയുമായ ഹെ‌ക്‌ടർ വൻ സ്വീകാര്യതയോടെ മുന്നേറുന്നു. ജൂണിൽ വിപണിയിലെത്തിയ ഹെക്‌ടർ കഴിഞ്ഞ രണ്ടുമാസങ്ങളിലും മൂവായിരത്തിലേറെ യൂണിറ്റുകളുടെ വില്‌പന കുറിച്ചിട്ടു.

പെട്രോൾ, ഡീസൽ, പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ് വേർഷനുകളും സ്‌റ്റൈൽ, സൂപ്പർ, സ്‌മാർട്, ഷാർപ്പ് വേരിയന്റുകളുമാണ് ഹെക്‌ടറിനുള്ളത്. രൂപകല്‌പനയിലും ഫീച്ചറുകളിലും പെർഫോമൻസിലും പുത്തൻ ചേരുകളുമായി എത്തിയ ഹെക്‌ടർ സമ്മാനിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ എം.ജി ഇന്ത്യൻ വിപണിക്ക് ഈമാസാദ്യം പരിചയപ്പെടുത്തിയ മറ്റൊരു എസ്.യു.വിയാണ് ഇസഡ്.എസ്. ഈ കാറിനൊരു സവിശേഷതയുണ്ട്, ഇലക്‌ട്രിക് എസ്.യു.വിയാണിത്; എം.ജി ഇസഡ്.എസ് ഇലക്‌ട്രിക് എസ്.യു.വി.

ഹെക്‌ടറിനെ പോലെ ഒരുപാട് പുതുമകളും മികവുകളും ഇസഡ്.എസ് ഇലക്‌ട്രിക്കിനുമുണ്ട്. ഇലക്‌ട്രിക് എന്ന് തോന്നാത്തവിധം പെർഫോം ചെയ്യുന്നുണ്ടെന്നത് ഇസഡ്.എസിനെ ഏവർക്കും പ്രിയങ്കരമാക്കും. ക്രോമിനാൽ ചുറ്റപ്പെട്ട മുന്നിലെ വലിയ ഗ്രിൽ, അതിൽ എം.ജി ലോഗോ, കണ്ണുകളെ അനുസ്മരിപ്പിക്കുന്ന എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഓട്ടോ ഹെഡ്‌ലാമ്പ്, വിൻഡ്‌മിൽ പോലെ തോന്നിക്കുന്ന അലോയ് വീലുകൾ എന്നിവ രൂപകല്‌പനയിലെ വൈവിദ്ധ്യവും ആകർഷണവുമാണ്.

പതിവ് എസ്.യു.വികൾക്ക് സമാനമാണ് പിൻഭാഗം. മുന്നിൽ, ഇരു വശങ്ങളിലും 'ഇലക്‌ട്രിക്" എന്നെഴുതിയ ബാഡ്‌ജുകൾ കാണാം. വിൻഡോ ലൈനുകൾ, ഡോർ ഹാൻഡിലുകൾ, പിന്നിലെ ബാഡ്‌ജിംഗ് എന്നിവയിലും ക്രോമിന്റെ സാന്നിദ്ധ്യമുണ്ട്. ക്രോമിന്റെ മികച്ച ഉപയോഗം കാണാവുന്നതാണ് അകത്തളവും. വൃത്തിയായും പ്രൊഫഷണലായും ഒരുക്കിയതാണ് 'ഓൾ-ബ്ളാക്ക് തീം" അകത്തളം. ലെതറിൽ പൊതിഞ്ഞ സ്‌റ്രിയറിംഗ് വീൽ മികച്ച ഗ്രിപ്പ് നൽകും.

സീറ്റുകൾക്ക് പുറമേ ഡാഷ് ബോർഡിലും ലെതറിന്റെ സാന്നിദ്ധ്യം കാണാം. മികച്ച ഹെഡ്‌ റൂമും ഗെഡ്‌റൂമുമാണ് പിൻനിരയുടെ മികവ്. ആറടി ഉയരമുള്ളവർക്കും സുഖമായി ഇരിക്കാം. 'എക്‌സൈറ്ര്, എക്‌സ്‌ക്ളുസീവ്" എന്നീ രണ്ടു വേരിയന്റുകൾ ഇസഡ്.എസ് ഇലക്‌ട്രിക്കിനുണ്ടാകും. പനോരമിക് സൺറൂഫ്, 20.32 സെന്റീമീറ്റർ ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ്, 3ഡി സറൗണ്ട് ശബ്‌ദസംവിധാനം, ആൻഡ്രോയിഡ് ഓട്ടോ ആൻഡ് ആപ്പിൾ കാർപ്ളേ എന്നിവയ്ക്ക് പുറമേ സുരക്ഷയ്ക്കായി സ്‌റ്റാൻഡേർഡായി ആറ് എയർ ബാഗുകൾ, ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ, 3-പോയിന്റ് സീറ്ര് ബെൽറ്റ്, ഇലക്‌ട്രിക് പാർക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് പാർക്കിംഗ് അസിസ്‌റ്ര് തുടങ്ങിയ ഫീച്ചറുകളും കാറിനുണ്ട്.

140.7 ബി.എച്ച്.പി കരുത്തും 353 എൻ.എം പരമാവധി ടോർക്കുമുള്ളതാണ് മോട്ടോർ. തികഞ്ഞൊരു എസ്.യു.വി എന്നപോലെയുള്ള പെർഫോമൻസ് തന്നെയാണ് ഇസഡ്.എസും പുറത്തെടുക്കുന്നത്. സ്‌പോർട്, നോർമൽ, എക്കോ എന്നീ ഡ്രൈവിംഗ് മോഡുകളുണ്ട്. പുഷ് ബട്ടൺ സ്‌റ്റാർട്ടും പ്രത്യേകതയാണ്. റെഗുലർ പ്ളഗ്ഗുകളിൽ ചാർജ് ചെയ്യാവുന്ന സൗകര്യം വാഹനത്തിനുണ്ട്. ബാറ്ററി ഫുൾ ചാർജാകാൻ 6-8 മണിക്കൂർ വേണം.

എ.സി ഫാസ്‌‌റ്ര് ചാർജറിലൂടെ ഏകദേശം 50 മിനുട്ടിനകം ഫുൾ ചാർജ് ചെയ്യാം. ഫുൾ ചാർജിൽ 340 കിലോമീറ്റർ വരെ വാഹനം ഓടും. ഒരു സിറ്റി കാറിനുള്ള എല്ലാ മികവുകളും ഇസഡ്.എസിനുണ്ട്. 20-25 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.