ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യു. പിയിലെ വനിതാ പൊലീസ് കൈയേറ്റം ചെയ്തതിൽ അസ്വസ്ഥനായെന്നും എന്നാൽ പാർട്ടിപ്രവർത്തകന്റെ സ്‌കൂട്ടറിൽ കയറി ലക്ഷ്യസ്ഥാനത്തെത്തിയ ഭാര്യയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും റോബർട്ട് വാദ്രയുടെ ട്വീറ്റ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യു.പിയിലെ മുൻ ഐ.പി.എസ് ഓഫീസർ എസ്. ആർ ധാരാപുരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയ പ്രിയങ്കയെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ പ്രിയങ്ക ഒരു പ്രവർത്തകന്റെ സ്‌കൂട്ടറിന്റെ പിന്നിൽ യാത്ര ചെയ്തും കാൽനടയായും ധാരാപുരിയുടെ വീട്ടിലെത്തി. ഇതേക്കുറിച്ചാണ് വദ്രയുടെ ട്വീറ്റ്.
''വനിതാ പൊലീസ് പ്രിയങ്കയെ കൈയേറ്റം ചെയ്തു എന്നറിഞ്ഞപ്പോൾ ഞാൻ അസ്വസ്ഥനായി. ഒരാൾ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു, മറ്റൊരു പൊലീസുകാരി പിടിച്ചു തള്ളി. പ്രിയങ്ക താഴെ വീണു. പക്ഷേ, പ്രിയങ്ക പിന്മാറിയില്ല. പ്രവർത്തകന്റെ ടൂവീലറിൽ കയറി ലക്ഷ്യത്തിലെത്തി. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരോട് അനുകമ്പയും സഹാനുഭൂതിയും കാണിച്ച പ്രിയങ്കേ, നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ദുഖിതരിലേക്ക് എത്തുന്നത് കുറ്റമല്ല.'' വദ്ര ട്വീറ്റ് ചെയ്തു.
യു.പി പൊലീസ് തന്നെ കൈയേറ്റം ചെയ്തെന്ന് പ്രിയങ്ക പരാതിപ്പെട്ടിരുന്നു. പ്രോട്ടോകോൾ ലംഘിച്ചെന്നും സുരക്ഷാ വീഴ്ചയുണ്ടായെന്നും പ്രിയങ്കയുടെ ഓഫീസ് സി.ആർ.പി.എഫിന് പരാതി നൽകി.
നിഷേധിച്ച് പൊലീസുദ്യോഗസ്ഥ
പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്‌തെന്ന ആരോപണം പോലീസ് ഉദ്യോഗസ്ഥ അർച്ചന സിംഗ് അധികൃതർക്ക് നൽകിയ വിശദീകരണത്തിൽ നിഷേധിച്ചു.
'പൊലീസ് ഉദ്യോഗസ്ഥർ പ്രിയങ്കാഗാന്ധിയുടെ കഴുത്തിൽ പിടിച്ച് തള്ളിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സത്യമില്ല. ഞാനെന്റെ ജോലിയാണ് ചെയ്തത്. പ്രിയങ്കയ്‌ക്ക് അകമ്പടിക്കായി നിയോഗിച്ചത് എന്നെയാണ്. അവരുടെ കാറിനെ ഞങ്ങൾ പിന്തുടർന്നു. പെട്ടെന്ന് അവരുടെ കാർ വഴി മാറി. സുരക്ഷാ കാരണങ്ങളാൽ ലക്ഷ്യസ്ഥാനം കൃത്യമായി പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. പ്രവർത്തകർ അതിന് വിസമ്മതിച്ചു. പിന്നീട് പ്രിയങ്ക കാറിൽ നിന്ന് ഇറങ്ങി പ്രവർത്തകർക്കൊപ്പം നടന്നു. വി.ഐ.പികൾ മുൻകൂട്ടി അറിയിക്കാതെ വഴി മാറ്റിയാൽ അത് ട്രാഫിക്കിനെ ബാധിക്കും.' - വിശദീകരണക്കുറിപ്പിൽ അവർ പറഞ്ഞു.
ക്രമസമാധാനപാലനത്തിനാണ് എന്നെ തടഞ്ഞതെന്ന പൊലീസിന്റെ വാദം തള്ളുന്നു. ഞാൻ സമാധാനപരമായി സഞ്ചരിക്കുന്നത് എങ്ങനെയാണ് ക്രമസമാധാന ലംഘനമാവുക. പൊലീസ് ഉദ്യോഗസ്ഥർക്ക് എന്നെ തടയാൻ അവകാശമില്ല. എന്നെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യണം.
-പ്രിയങ്ക ഗാന്ധി