priyanka-gandhi

ലക്‌നൗ: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്തെന്ന ആരോപണം നിഷേധിച്ച് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ അർച്ചന സിംഗ്. പ്രിയങ്ക ഗാന്ധിയുടെ കഴുത്തിൽ പിടിച്ച് തള്ളിയെന്ന ആരോപണത്തിൽ ഒരംശം പോലും സത്യമില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയ വിശദീകരണത്തിൽ അർച്ചന സിംഗ് വ്യക്തമാക്കി.

'ഞാൻ എന്റെ കർത്തവ്യം കൃത്യമായി നിർവഹിക്കുക മാത്രമാണ് ചെയ്തത്. വിവിധ സ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ച പ്രിയങ്ക ഗാന്ധിക്ക് അകമ്പടി സേവിക്കാനാണ് എന്നെ നിയോഗിച്ചിരുന്നത്. നേരത്തെ തീരുമാനിച്ചിരുന്നത് പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് ഗോഖലെ മാർഗിലുള്ള 23/2 ഹൗസിലേക്ക് പോകാനായിരുന്നു. ഞങ്ങൾ അവരുടെ വാഹനത്തെ പിന്തുടരുകയായിരുന്നു. എന്നാൽ പെട്ടെന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങി. സുരക്ഷയെ കരുതി ലക്ഷ്യസ്ഥാനത്തെക്കുറിച്ച് കൃത്യമായ വിവരം നൽകാൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി പ്രവർത്തകർ അതിന് തയ്യാറായില്ല. പ്രിയങ്ക ഗാന്ധി കാറിൽ നിന്ന് ഇറങ്ങി പാർട്ടി പ്രവർത്തകർക്കൊപ്പം നടക്കാൻ ആരംഭിച്ചു. ഒരു വി.ഐ.പി അങ്ങനെ നടക്കുമ്പോൾ അത് ട്രാഫിക് സംവിധാനത്തെ ബാധിക്കും'-അർച്ചന സിംഗ് നൽകിയ വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ മുൻ ഐ.പി.എസ് ഓഫീസർ എസ്.ആർ.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടഞ്ഞത്. 'എന്തിനാണ് പൊലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാൻ ഒരു കാരണവുമില്ല. തന്നെ പൊലീസ് കൈയേറ്റം ചെയ്‌തെന്ന്' പ്രിയങ്ക ആരോപിച്ചിരുന്നു.