വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചൊല്ലി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ വിനോദ സഞ്ചാര മേഖലയുടെ നടുവൊടിക്കുന്നു. ഇതിനകം ഏഴ് പ്രമുഖ രാജ്യങ്ങൾ സ്വന്തം പൗരന്മാരോട് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിച്ചതും തിരിച്ചടിയാകുന്നു. വിനോദസഞ്ചാര രംഗത്ത് ഇന്ത്യയുടെ മുഖം എന്ന് വിശേഷിപ്പിക്കാവുന്ന താജ് മഹൽ സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ഉണ്ടായ ഇടിവ് 60 ശതമാനമാണ്. രണ്ടുലക്ഷത്തോളം പേരാണ് രണ്ടാഴ്‌ചക്കിടെ താജ്‌മഹൽ സന്ദർശനം റദ്ദാക്കിയത്.
ഇത്തരത്തിൽ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വലിയ തിരിച്ചടി നേരിടുന്നു. ഈ വർഷം ജനുവരി-ഒക്‌ടോബർ കാലയളവിൽ ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്‌റ്റുകൾ 85 ലക്ഷമാണ്. 2.7 ശതമാനം മാത്രമാണ് വളർച്ച. 2018ൽ ആകെ 1.05 കോടി വിദേശ ടൂറിസ്‌റ്റുകൾ ഇന്ത്യയിൽ എത്തിയിരുന്നു. വളർച്ച, 5.2 ശതമാനം. ഈ വർഷം പത്തു ശതമാനത്തിലേറെ വളർച്ചയാണ് വിലയിരുത്തിയിരുന്നത്.
എന്നാൽ, ആഗോള സമ്പദ്‌മാന്ദ്യവും വിവിധ വിഷയങ്ങളിലെ പ്രതിഷേധങ്ങളും സഞ്ചാരികളെ ഇന്ത്യയിൽ നിന്ന് അകറ്റി. ഡിസംബറിൽ 7-8 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ വളർച്ച മൂന്നു ശതമാനത്തിൽ കൂടില്ലെന്ന് ടൂറിസം രംഗത്തുള്ളവർ പറഞ്ഞു. ടൂറിസം സീസണിൽ തന്നെ കാൻസലേഷനുകൾ (യാത്ര റദ്ദാക്കൽ) വൻതോതിൽ നടക്കുന്നുവെന്നതാണ് ഇന്ത്യൻ വിനോദ സഞ്ചാര മേഖലയെ തളർത്തുന്നത്.
യാത്ര വിലക്കി
7 രാജ്യങ്ങൾ
അമേരിക്ക, ബ്രിട്ടൻ, റഷ്യ, ഇസ്രയേൽ, തായ്‌വാൻ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ഇന്ത്യയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് സ്വന്തം പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.
മുന്നിൽ വലിയ ലക്ഷ്യം
ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ എത്തുന്ന ആഗോള വിനോദ സഞ്ചാരികളുടെ വിഹിതം 1.2 ശതമാനം മാത്രമാണ്. ആഗോള ടൂറിസം വരുമാനത്തിൽ ഇന്ത്യയുടെ പങ്കാകട്ടെ 1.92 ശതമാനവും. സഞ്ചാരികളുടെ വിഹിതം 1.2 ശതമാനത്തിൽ നിന്ന് 2022ഓടെ 3.5 ശതമാനത്തിലേക്ക് എങ്കിലും ഉയർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
$5,000 കോടി
ടൂറിസം രംഗത്തു നിന്ന് ഇന്ത്യ 2018ൽ നേടിയ വരുമാനം 2,860 കോടി ഡോളറാണ്. 2022ഓടെ ഇത് 5,000 കോടി ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.