deepa-nishanth

തൃശൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി മാറിയ ജാമിയ മിലിയയിലെ വിദ്യാർത്ഥി അയിഷ റെന്നയ്ക്കതിരെ സി.പി.എം പ്രവർത്തകർ നടത്തിയ അതിക്രമത്തിനെതിരെ പ്രതികരിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിഷാന്ത്. മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രി ആയാലും ക്ഷണിക്കപ്പെട്ട അതിഥി തങ്ങൾ ആഗ്രഹിക്കുന്നത് പോലെ സംസാരിക്കണം എന്ന് ആവശ്യപ്പെടുന്നത് ഫാസിസമാണെന്നും ജനാധിപത്യ രാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ലെന്നുമാണ് ദീപ നിഷാന്ത് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെടുന്നത്.

ഇത്തരം തർക്കങ്ങൾക്കിടയിൽ വിഷയം കൈവെടിയാൻ പാടില്ലെന്നും പൗരത്വനിയമഭേദഗതിയാണ് വിഷയമെന്നും ദീപ കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. മലപ്പുറം കൊണ്ടോട്ടിയിൽ പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചു എന്ന കാരണം പറഞ്ഞ് സി.പി.എം പ്രവർത്തകർ അയിഷയെ തടഞ്ഞത്. ഇക്കാര്യങ്ങൾ റെന്ന തന്റെ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നും പിണറായി സർക്കാരിനെ വിമർശിച്ചതിന് മാപ്പ് പറഞ്ഞിട്ട് പോയാൽ മതിയെന്നും റെന്നയോട് ഇവർ പറഞ്ഞിരുന്നു.

ദീപ നിഷാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'മതതീവ്രവാദികളോളം അപകടകാരികളായ ആളുകൾ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയിൽ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തിൽ ആരും വിമർശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി.

തർക്കങ്ങൾക്കിടയിൽ വിഷയം വിടരുത്.
പൗരത്വഭേദഗതിനിയമമാണ് വിഷയം!
അത് മുങ്ങിപ്പോകരുത്..'