investment

 പലിശ കുറഞ്ഞാൽ സാധാരണക്കാർക്ക് വലിയ തിരിച്ചടിയാകും

കൊച്ചി: സാധാരണക്കാർക്ക് വലിയ ആശ്വാസമായ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുമോ? ചെറുകിട സമ്പാദ്യ പദ്ധതികളുടെ, 2020 ജനുവരി-മാർച്ച് പാദത്തിലെ പലിശനിരക്ക് അവലോകന യോഗം കേന്ദ്രസർക്കാർ നാളെ ചേർന്നേക്കും. പലിശനിരക്ക് കുറയ്‌ക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. പലിശ കുറച്ചാൽ സാധാരണക്കാർ, കർഷകർ, സ്‌ത്രീകൾ, ഇടത്തരം വരുമാനക്കാർ, വിശ്രമ ജീവിതം നയിക്കുന്നവർ തുടങ്ങിയവർക്കത് വലിയ തിരിച്ചടിയാകും.

ഓരോ ത്രൈമാസത്തിലും കേന്ദ്രസർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ പുനഃപരിശോധിക്കാറുണ്ട്. ഒക്‌ടോബർ-ഡിസംബർ പാദത്തിൽ പലിശ നിലനിറുത്തിയിരുന്നു. നടപ്പു സാമ്പത്തിക വർഷം പലിശ കുറയ്ക്കാൻ കേന്ദ്രസർക്കാർ മിനക്കെട്ടിട്ടില്ല. നിലവിൽ റിസർവ് ബാങ്കിൽ നിന്ന് സമ്മർദ്ദമുള്ളതിനാൽ ജനുവരി-മാർ‌ച്ച് പാദ പലിശ കുറച്ചേക്കുമെന്ന ആശങ്കയണ്ട്.

ഈവർഷം ഇതുവരെ ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറഞ്ഞത് ശരാശരി 0.50 ശതമാനമാണ്. ഇത് ബാങ്ക് നിക്ഷേപങ്ങളെ അനാകർഷകമാക്കി. ഇനിയും പലിശ കുറച്ചാൽ, ഉപഭോക്താക്കൾ ബാങ്കുകളെ കൈവിട്ട് ഉയർന്ന പലിശ കിട്ടുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് നീങ്ങും.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ കുറഞ്ഞാൽ, ഈ തിരിച്ചടി ഒഴിവാക്കാമെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ, വിപണി നിരക്കിന് അനുസൃതമായി കുറയ്ക്കണമെന്നാണ് ആവശ്യം. അതിന് സർക്കാർ തയ്യാറായാൽ, വലിയ കുറവാണ് പലിശയിലുണ്ടാവുക. നിലവിൽ, ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങൾക്ക് പലിശനിരക്ക് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെയാണ്.

റിസർവ് ബാങ്കിന്റെ

ആവശ്യം തള്ളിയേക്കും

പലിശ കൂടുതലായതിനാൽ ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് നല്ല പ്രിയമുണ്ട്. മാത്രമല്ല, നികുതിയിളവുകളുമുണ്ട്. രാജ്യത്ത് സാമ്പത്തിക മാന്ദ്യവും അവശ്യവസ്‌തുക്കളുടെ വിലവർദ്ധനയും നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശയും കുറച്ച് ജനരോഷമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചേക്കില്ല.

8.7%

ശരാശരി ആറു ശതമാനമാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശ. ചെറുകിട സമ്പാദ്യങ്ങൾക്ക് പലിശനിരക്ക് 7.6 ശതമാനം മുതൽ 8.7 ശതമാനം വരെയാണ്.

ചെറുകിട സമ്പാദ്യ

പദ്ധതികളും പലിശയും

പോസ്‌റ്ര് ഓഫീസ് : 7.7%*

മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സ്‌കീം : 8.7%*

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്ര് (എൻ.എസ്.സി) : 7.9%*

പബ്ളിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്) : 7.9%

കിസാൻ വികാസ് പത്ര : 7.6% (മെച്യൂരിറ്രി കാലാവധി 113 മാസം)

സുകന്യ സമൃദ്ധി : 8.4%

(*നിക്ഷേപ കാലാവധി 5 വ‌ർഷം)