വടകര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശികളായ ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജൻ എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധധിച്ച് മടങ്ങി വരുന്നതിനിടയിലാണ് ബംഗാൾ സ്വദേശികളായ ഷഫീഖുൽ ഇസ്ലാം, സഹോദരൻ ഷഅബ്ദുള്ള, ആസാദുൽ മണ്ഡൽ എന്നിവർക്ക് മർദ്ദനമേറ്റത്.
സംഭവത്തിൽ ഗൂഡാലോചന ഉണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. അക്രമം അഴിച്ചുവിട്ട ശേഷം അതിന്റെ ഉത്തരാവാധിത്തം ബി.ജെപി.യുടെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു സി.പിഎ.മ്മിന്റെ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ ആരോപിച്ചു. സിപിഎമ്മിന് വേണ്ടി സ്ഥിരം തല്ലാനും കൊല്ലാനുമിറങ്ങുന്നവരാണ് പിടിയിലായ പ്രതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖം മൂടിയണിഞ്ഞ അഞ്ച് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ബംഗാൾ സ്വദേശികൾ പൊലീസിനോട് പറഞ്ഞിരുന്നു.
കല്ലാച്ചിക്ക് സമീപത്തെ കടകളിൽ നിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇല്ലിക്കൽ അഭിലാഷിനെയും മലയിൽ മനോജിനെയും അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി രാഷ്ട്രീയ സംഘർഷ കേസുകളിൽ പ്രതികളാണ്. പ്രതികളെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും. അതേസമയമം സി.പി.എം പ്രതികളെ തള്ളിപ്പറഞ്ഞു.