ss

തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തിലാണ് സംസ്ഥാന കേരളോത്സവത്തിന്റെ വേദിയിൽ മിമിക്രിയിൽ ഉണ്ണിക്കണ്ണൻ ഒന്നാമനായത്. ജന്മനാ കാഴ്ച ശക്തിയില്ലാത്ത ഈ ചിറയിൻകീഴ് സ്വദേശി കാഴ്ചയുള്ളവരോട് പൊരുതിയാണ് വിജയം സ്വന്തമാക്കിയത്. യൂണിവേഴ്സിറ്റി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കൂടിയായ ഉണ്ണിക്കണ്ണൻ നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. കൂടാതെ സ്റ്റേജ് ഷോകളും ചെയ്യുന്നു.

ഏഴാം ക്ലാസുമുതൽ മിമിക്രി പരിശീലിക്കുന്നുണ്ട്. സി.ഡിയിലും മൊബൈലിലും വിവിധ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത ശേഷം കേട്ട് അനുകരിച്ചു പഠിച്ചാണ് ഉണ്ണിക്കൃഷ്ണൻ വേദികളിലെത്തുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ അനിലാണ് ഉണ്ണിക്കണ്ണന്റെ വിജയത്തിനു പിന്നിൽ. കീബോർഡിലും മിടുക്കനായ ഉണ്ണിക്കണ്ണൻ ബ്രെയിൽ ലിപിയുടെ സഹായത്തോടെയാണു അത് പഠിച്ചത്. നാലു തവണ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ വിജയിയായിട്ടുണ്ട്. പ്ലസ് ടു വിദ്യാർത്ഥി ഗായത്രിദേവിയാണ് സഹോദരി.