കൊച്ചി: കഴിഞ്ഞ വാരാന്ത്യം മികച്ച നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയ ഇന്ത്യൻ ഓഹരി സൂചികകളെ ഈ വാരം കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ. വെള്ളിയാഴ്‌ച സെൻസെക്‌സ് 411 പോയിന്റുയർന്ന് 41,575ലും നിഫ്‌റ്റി 119 പോയിന്റുയർന്ന് 12,245ലുമാണുള്ളത്. നവംബറിലെ മുഖ്യ വ്യവസായ വളർച്ചാ കണക്ക് ചൊവ്വാഴ്‌ച അറിയാം. ഒക്‌ടോബറിൽ വളർച്ച 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു.
ഡിസംബറിലെ വാഹന വില്പന കണക്കുകൾ ഈവാരം പുറത്തുവരുമെന്നതാണ് മറ്റൊരു വെല്ലുവിളി. കണക്കുകൾ നിരാശപ്പെടുത്തിയാൽ, ഓഹരി സൂചികകൾ താഴേക്കിറങ്ങും. വർഷാന്ത്യമെന്നത് മാത്രമല്ല, വാരാവസാനം ആയതിനാൽ പതിവായുള്ള വിറ്റഴിക്കൽ സമ്മർദ്ദമുണ്ടായാലും വിപണി തളരും. അമേരിക്ക-ചൈന വ്യാപാരയുദ്ധം തണുക്കുന്നത് ആശ്വാസമാണ്. എന്നാൽ, ചാഞ്ചാടുന്ന ക്രൂഡോയിൽ വില ആശങ്കപ്പെടുത്തുന്നു.
വ്യവസായ സ്ഥാപനങ്ങളുടെ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പി.എം.ഐ) വളർച്ചാ കണക്കും ഈവാരം അറിയാം. ഇത്, 50 പോയിന്റിന് താഴെയാണെങ്കിൽ വിപണിയിൽ വലിയ ഇടിവ് പ്രതീക്ഷിക്കാം.