ലക്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തർപ്രദേശിലുണ്ടായപ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ കണ്ടെത്താനായി യു.പി പൊലീസ് കേരളത്തിലേക്കുമെത്തുന്നു. കാൺപൂരിൽ നടന്ന പ്രതിഷേധത്തിലും അക്രമത്തിലും മലയാളികൾക്കും പങ്കുണ്ടെന്നാണ് യു.പി പൊലീസിന്റെ ആരോപണം. അക്രമികളെ കണ്ടെത്താൻ കേരളത്തിലും ഉത്തർ പ്രദേശ് പൊലീസ് പോസ്റ്റർ പതിക്കും. അക്രമ സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചായിരിക്കും പോസ്റ്റർ തയാറാക്കുക.
കുറ്റക്കാരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പോസ്റ്റർ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലാണ് പതിക്കുക. കഴിഞ്ഞയാഴ്ച നഗരത്തിൽ നടന്ന പ്രതിഷേധത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ കേരളത്തിന് പുറമെ യു.പി പൊലീസ് ഡൽഹിയിലും പോസ്റ്റർ പതിക്കുന്നുണ്ട്. പശ്ചിമ യു.പി കൂടാതെ ഉന്നാവോ, ലക്നൗ എന്നീ ജില്ലകളിലും പോസ്റ്റർ പതിപ്പിക്കാൻ പൊലീസിന് പദ്ധതിയുണ്ട്.
കേരളം, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഉന്നാവോ, ലക്നോ പശ്ചിമ യു.പി എന്നിവിടങ്ങളിൽനിന്നുമുള്ളവരും പ്രതിഷേധത്തിൽ പങ്കെടുത്തതായി രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടെന്നാണ് എ.ഡി.ജി പ്രേം പ്രകാശ് പറയുന്നത്. പ്രതിഷേധക്കാരെ കണ്ടെത്താൻ പൊലീസ് പോസ്റ്റർ പതിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുൻപ്, കാൺപൂർ പ്രതിഷേധത്തിൽ പങ്കെടുത്തുവരെ കണ്ടെത്താൻ കാൺപൂരിലും ഇത്തരത്തിൽ പൊലീസ് പോസ്റ്റർ പതിച്ചിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തവരെയെല്ലാം അറസ്റ്റ് ചെയ്യാനായിരുന്നു ഈ നീക്കം.