pejawar-swami

ബംഗളുരു: ഉഡുപ്പിയിയിലെ അഷ്ടമഠങ്ങളിൽ ഒന്നായ പേജാവര മഠത്തിന്റെ അധിപതി വിശ്വേശ തീർത്ഥ അന്തരിച്ചു. 88 വയസായിരുന്നു. കടുത്ത ന്യുമോണിയ മൂലം അന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അന്ത്യം സംഭവിച്ചത്. ശ്വാസതടസം മൂലം ഡിസംബർ 20ന് മണിപ്പാലിലെ കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ന്യുമോണിയ ബാധയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഒരാഴ്ചയിലധികം ഐ.സി.യുവിൽ ആയിരുന്നു അദ്ദേഹം. ശനിയാഴ്ച സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായി. സ്വാമിയുടെ ആഗ്രഹപ്രകാരം ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ മഠത്തിലേക്ക് മാറ്റാൻ മഠം അധികൃതരും സന്യാസിമാരും ചേർന്ന് തീരുമാനിച്ചു. ഞായറാഴ്ച പുലർച്ചെ കെ.എം.സി ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു അന്ത്യം. ഭൗതികദേഹം ഉഡുപ്പിയിലെ അജ്ജർകാഡ് മൈതാനത്ത് പൊതുദർശനത്തിന് വെച്ച ശേഷം ബംഗളുരുവിലെ പൂർണ പ്രച്ന വിദ്യാപീഠത്തിൽ സംസ്കരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും അനുശോചനം അറിയിച്ചു. കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സ്വാമിയെ സന്ദർശിച്ചിരുന്നു. കർണാടകത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

സ്വാമിക്ക് വിശ്വഹിന്ദു പരിഷത്തുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ച് കാണണമെന്നതാണ് തന്റെ അന്ത്യാഭിലാഷമെന്ന് പറഞ്ഞിരുന്നു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ബ്രാഹ്മണർ ഭക്ഷണം കഴിച്ചതിന്റെ എച്ചിലിൽ കീഴ്ജാതിക്കാർ കിടന്നുരുളുന്ന 'മഡെ മഡെ സ്നാന' എന്ന ആചാരത്തെ പിന്തുണച്ചതോടെയാണ് തീർത്ഥ ദേശീയ ശ്രദ്ധ നേടുന്നത്. ഇതിനെതിരെ ദളിത് സംഘടനകൾ രംഗത്ത് വന്നിരുന്നു. സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഈ ദുരാചാരത്തിനെതിരെ സമരം നടത്തുകയും എം.എ.ബേബി അടക്കമുള്ള നേതാക്കൾ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിക്കുകയും ചെയ്തിരുന്നു. കനത്ത സമ്മർദ്ദത്തെ തുടർന്ന് തീർത്ഥയ്‌ക്ക് മഡെ സ്നാന നിരോധനത്തെ അനുകൂലിക്കേണ്ടതായി വന്നു.