ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ലിഫ്റ്റ് നൽകിയ കോൺഗ്രസ് പ്രവർത്തകന് 6100 രൂപ പിഴയിട്ട് പൊലീസ്. രാജസ്ഥാനിലെ ജഹസ്പൂർ മണ്ഡലത്തിലെ എം.എൽ.എയായ ധീരജ് ഗുർജാറിനാണ് പിഴ ലഭിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് കാണിക്കാതിരുന്നതിന് 2500 രൂപ, ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപ, ട്രാഫിക്ക് നിയമം പാലിക്കാത്തതിന് 300 രൂപ, നമ്പർ പ്ളേറ്റിലെ പിഴവിന് 300 രൂപ, ശ്രദ്ധയില്ലാതെ വാഹനമോടിച്ചതിന് 2500 രൂപ എന്നിങ്ങനെയാണ് ഗുർജാറിന് പിഴ ലഭിച്ചിരിക്കുന്നത്.
ഗുർജാറും പ്രിയങ്ക ഗാന്ധിയും ഹെൽമെറ്റ് ധരിക്കാത്തതാണ് പ്രധാന പിഴവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിൽ സഞ്ചരിക്കുന്ന സമയത്ത് ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പൗരത്വപ്രതിഷേധത്തിനിടെ യു.പിയിൽ അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തക സദഫ് ജഫാറിന്റെയും മുൻ ഐ.പി.എസ്. ഓഫീസർ എസ്.ആർ. ദാരാപുരിയുടേയും വീട് സന്ദർശിക്കാൻ പോകുന്നതിനിടെ യു.പി പൊലീസ് തടഞ്ഞതോടെയാണ് പ്രിയങ്ക ഗുർജാറിന്റെ സ്കൂട്ടറിൽ കയറിയത്. ഒരു വനിതാ പൊലീസുകാരി വഴിയിൽ തടഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് റോഡിൽ തള്ളിയിട്ടതായും പ്രിയങ്ക ഗാന്ധി പരാതി പറഞ്ഞിരുന്നു. എന്നാൽ യു.പി പൊലീസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.