മെൽബൽ: ക്രിക്കറ്റ് മത്സരത്തിനിടയിൽ പല അബദ്ധങ്ങളും താരങ്ങൾക്ക് സംഭവിക്കാറുണ്ട്. ഇത് ഗ്യാലറിയിലും പുറത്തു ചിരിയുണർത്താറുമുണ്ട്. എന്നാൽ കളിക്കിടെ അംപയരുടെ മനപ്പൂർവമായ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്. ആസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്- മെൽബൺ റെനെഗേഡ്‌സ് മത്സരത്തിനിടയിലാണ് സംഭവം.
അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ ആറിന് 155 എന്ന സ്‌കോറിനെതിരെ മെൽബണ്‍ ബാറ്റ് ചെയ്യുന്നു. പതിനേഴാമത്തെ ഓവർ എറിയാനെത്തിയത് അഫ്ഗാൻ താരം റാഷിദ് ഖാനാണ്. രണ്ടാം പന്തിൽ വെബ്സ്റ്റർ വിക്കറ്റിന് മുന്നിൽ കുടുങ്ങുന്നു. പെട്ടെന്ന് തന്നെ റാഷിദ് ഖാന്‍ അപ്പീൽ ചെയ്തു. അംപയർ ഗ്രേക് ഡേവിഡ്‌സണ്‍ ഔട്ട് വിളിക്കാൻ വിരലുയർത്തി. ഇതുകണ്ട റാഷിദ് ഖാൻ വിക്കറ്റ് ആഘോഷിക്കുവാൻ തുടങ്ങി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.
ഔട്ട് വിളിക്കാൻ വിരലുയർത്തിയ അംപയർ മൂക്ക് ചൊറിയുകയാണ് ചെയ്തത്. ഇത് റാഷിദ് ഖാനും വിക്കറ്റ് കീപ്പറും കണ്ടിരുന്നില്ല. തുടർന്ന് അംപയർ ഗ്രേക് തന്നെയാണ് അത് വിക്കറ്റ് അല്ലെന്ന് വ്യക്തമാക്കിയത്.