alexander-jacob

തിരുവനന്തപുരം: അമേരിക്കയിൽ അദ്ധ്യാപകരെയും സഹപാഠികളെയും വെടിവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് സിസേറിയനിലൂടെ പിറന്ന കുഞ്ഞുങ്ങളാണെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടിയുള്ള ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രസ്താവനക്കെതിരെ ആരോഗ്യ പ്രവർത്തക ഡോക്ടർ ഷിംന അനീസ് രംഗത്ത്. ഒരു പ്രമുഖ ആഴ്ചപ്പതിപ്പിലാണ് മുൻ ഡി.ജെ.പി അലക്‌സാണ്ടർ ജേക്കബ്‌ ഇതിനെ കുറിച്ച് ഒരു ലേഖമെഴുതിയത്.

അലക്‌സാണ്ടർ ജേക്കബിന്റെ പ്രസ്താവന ഗമണ്ടൻ വിഡ്‌ഢിത്തമാണെന്ന് ഷിംന ഫേസ്ബുക്കിൽ കുറിച്ചു. സിസേറിയൻ വഴി 'കീറിയെടുത്ത' കുഞ്ഞ്‌ ആദ്യം കാണുന്നത്‌ കത്തി പിടിച്ച ഡോക്‌ടറെയാണ്‌, അത്‌ കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന്‌ മുൻ ഡിജിപി മെഡിക്കൽ ഡോക്‌ടർ അല്ലാത്ത ഡോ.അലക്‌സാണ്ടർ ജേക്കബ്‌ വിടുവായത്തരം പറഞ്ഞത്‌ എഴുതി വെച്ചിരിക്കുന്നത്‌. അമ്മയും കുഞ്ഞും മരിക്കാൻ സാധ്യതയുള്ളപ്പോൾ എമർജൻസി സിസേറിയൻ പറഞ്ഞാൽ പോലും സമ്മതിക്കാൻ മടിക്കുന്ന ഒരു ജനതക്കിടയിൽ. എന്താണ്‌ ഇങ്ങനെ പൈങ്കിളി എഴുതി വിടുന്നത്‌?- ഷിംന ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അതിനകത്ത്‌ പേരിന്‌ മുന്നിൽ 'ഡോ.' എന്നെഴുതിയ ഏത്‌ മനുഷ്യൻ ആരോഗ്യസംബന്ധമായി എന്ത് ഗമണ്ടൻ വിഡ്‌ഢിത്തം പറഞ്ഞാലും തൊണ്ട തൊടാതെ വായനക്കാർ വിഴുങ്ങാൻ ഒരുപാട് പേരുണ്ടാവും.

അങ്ങനെ ഒരിടത്താണ്‌ സിസേറിയൻ വഴി 'കീറിയെടുത്ത' കുഞ്ഞ്‌ ആദ്യം കാണുന്നത്‌ കത്തി പിടിച്ച ഡോക്‌ടറെയാണ്‌, അത്‌ കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന്‌ മുൻ ഡിജിപി മെഡിക്കൽ ഡോക്‌ടർ അല്ലാത്ത ഡോ.അലക്‌സാണ്ടർ ജേക്കബ്‌ വിടുവായത്തരം പറഞ്ഞത്‌ എഴുതി വെച്ചിരിക്കുന്നത്‌. ഈ വ്യക്‌തി പറഞ്ഞത്‌ ഒന്ന്‌ വെരിഫൈ ചെയ്‌ത്‌ എഡിറ്റ്‌ ചെയ്യുക എന്നൊരു കടമ കോളം നോക്കുന്ന ആൾക്കില്ലേ? പ്രത്യേകിച്ച്‌, അമ്മയും കുഞ്ഞും മരിക്കാൻ സാധ്യതയുള്ളപ്പോൾ എമർജൻസി സിസേറിയൻ പറഞ്ഞാൽ പോലും സമ്മതിക്കാൻ മടിക്കുന്ന ഒരു ജനതക്കിടയിൽ. എന്താണ്‌ ഇങ്ങനെ പൈങ്കിളി എഴുതി വിടുന്നത്‌?

ഒന്നാമത്‌, സിസേറിയനായാലും പ്രസവമായാലും കുഞ്ഞ്‌ പുറത്ത്‌ വരുന്നത്‌ ഡോക്ടർ വലിച്ച്‌ പുറത്തേക്കെടുക്കുമ്പോഴാണ്‌. അന്നേരം കത്തി ഡോക്‌ടറുടെ കൈയിലില്ല. (സാധാരണ രീതിയിൽ പ്രസവിക്കുമ്പോൾ ഡോക്‌ടർ മാലയും ബൊക്കെയുമായി നിൽക്കുമെന്നാണോ 'തള്ള്‌ ഡോക്‌ടറുടെ' ധാരണ?). രണ്ടാമത്‌, ജനിക്കുമ്പോൾ 'കണി' കാണുന്നത്‌ അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്‌ചയിക്കപ്പെടുന്നത്‌. അതിന്‌ ഹേതുവാകുന്നത്‌ അയാളുടെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ്‌.

ദയവ്‌ ചെയ്‌ത്‌ ആരെന്ത് എഴുതി തന്നാലും ചാടി വീണ്‌ പ്രസിദ്ധീകരിക്കരുത്‌. പ്രത്യേകിച്ച്‌ മനുഷ്യന്റെ ജീവനെയും ജീവിതത്തേയും ബാധിക്കുന്ന കാര്യങ്ങൾ. ഓരോ മെഡിക്കൽ സംശയങ്ങളും വിളിച്ച്‌ ചോദിച്ച്‌ വെരിഫൈ ചെയ്‌ത്‌ എഴുതുന്ന ഇഷ്‌ടം പോലെ ജേർണലിസ്‌റ്റ്‌ സുഹൃത്തുക്കളെ അറിയാം. ഒന്നൂല്ലേലും ഗൂഗിൾ ചെയ്‌തെങ്കിലും നോക്കാല്ലോ.

കഷ്‌ടമാണേ.