shyam-pushkaran

പാലക്കാട്: കേന്ദ്ര സർക്കാരിനെതിരെയും പൗരത്വ നിയമഭേദഗതിക്കെതിരെയും ശക്തമായ നിലപാടെടുത്ത് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ. പൗരത്വ നിയമഭേദഗതി 'വെറും പച്ചയ്ക്കുള്ള' മുസ്ലിം വിരുദ്ധതയാണെന്നും, കുറച്ച് നാളുകളായി കേന്ദ്ര സർക്കാർ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ശ്യാം പുഷ്ക്കരൻ ചൂണ്ടിക്കാട്ടി. ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ 'ശ്യാം പുഷ്ക്കരൻ നൈറ്റ്സ്' എന്ന സംവാദ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇക്കാര്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണെന്നും അതേക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയേണ്ടതില്ലെന്നും 'അവർക്ക്'മുസ്ലിമിനെ ഇഷ്ടമേ അല്ലെന്നും ശ്യാം പറഞ്ഞു. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള അഭിപ്രായമെന്തെന്ന് കാണികളിൽ നിന്നും ചോദ്യമുയർന്നപ്പോൾ അതിന് ഉത്തരം നൽകുകയായിരുന്നു ശ്യാം പുഷ്ക്കരൻ. പൗരത്വ നിയമഭേദഗതിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും മലയാള, തമിഴ്, ബോളിവുഡ് സിനിമയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ പ്രശസ്തനാണ് ശ്യാം പുഷ്ക്കരൻ.