ബീജിംഗ്: രാജ്യത്തുനിന്നും മുസ്ലിം മതത്തെ ഇല്ലായ്‌മ ചെയ്യാൻ ചൈനീസ് സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ പ്രാരംഭ നടപടികളും സർക്കാർ ആരംഭിച്ചതായി ന്യൂയോർക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ പേരിൽ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയ്‌ഗൂർ മുസ്ലിം വിഭാഗക്കാർ സർക്കാരിന്റെ ഭാഗത്തുനിന്നും അതിക്രൂരമായ പീഡനങ്ങളാണ് അനുഭവിക്കുന്നതെന്നും ഉയ്ഗൂർ, കസാഖ് വിഭാഗത്തിൽ പെട്ട 10 ലക്ഷം പേരെ ചൈന മൂന്ന് വർഷമായി തടവിലിട്ടിരിക്കുകയാണെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇവരെ മതത്തിൽ നിന്നും അകറ്റുകയാണ് സർക്കാരിന്റെ ഉദ്ദേശം. ഈ വിഭാഗത്തിൽ പെട്ട മുസ്ലീമുകളുടെ മക്കൾ ഇസ്ളാം സംബന്ധമായ കാര്യങ്ങൾ പഠിക്കാതിരിക്കുന്നതിനായി അവരെ മാതാപിതാക്കളിൽ നിന്നും അകറ്റി ബോർഡിങ് സ്‌കൂളിൽ താമസിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കുട്ടികളെ മതസംബന്ധമായ കാര്യങ്ങളിൽ നിന്നും അകറ്റിയ ശേഷം കമ്യൂണിസ്റ്റ് ആശയങ്ങൾ അടിസ്ഥാനമാക്കിയ വിദ്യാഭ്യാസം നൽകാനാണ് ചൈനീസ് സർക്കാർ ആലോചിക്കുന്നത്.
കനത്ത സുരക്ഷയുള്ള ഇത്തരം ബോർഡിങ് സ്‌കൂളിലേക്ക് മറ്റാർക്കും പ്രവേശിക്കാനും അനുവാദമില്ല. അടുത്ത വർഷത്തോടെ തന്നെ ഈ സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി ചെറുപ്രായത്തിൽ തന്നെ കുട്ടികളെ സ്‌കൂളിൽ ചേർക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ലഭ്യമാണ്. പത്രം പറയുന്നു.
ഇത്തരം സ്‌കൂളുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചും കുട്ടികളെ മാതാപിതാക്കളിൽ നിന്നും അകറ്റുന്നത് സംബന്ധിച്ചും സർക്കാർ 2017ൽ ആസൂത്രണ രേഖ പുറത്തിറക്കിയിരുന്നു. ഈ ആസൂത്രണരേഖ അനുസരിച്ചാണ് ഇപ്പോഴുള്ള ഈ നീക്കങ്ങൾ. എന്നാൽ വർഗീയത തടയുന്നതിന് വേണ്ടിയും ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുള്ള കുട്ടികളുടെ പഠനങ്ങൾ താറുമാറാകുന്നത് കാരണവുമാണ് തങ്ങൾ ഇങ്ങനെ ഒരു പദ്ധതി തയാറാക്കിയതെന്നാണ് സർക്കാർ പറയുന്നത്.
ദാരിദ്ര്യം മൂലം കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ചൈനീസ് സർക്കാർ പറയുന്നുണ്ട്. ആഗോള മനുഷ്യാവകാശ, സാമൂഹിക സംഘടനകൾ ചൈനയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധവുമായി വന്നിട്ടുണ്ട്.