nda-parties

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് എൻ.ഡി.എയിലെ 10 ഘടകകക്ഷികൾ. 13 ഘടക കക്ഷികളിൽ 10 പാർട്ടികളാണ് എൻ.ആർ.സി രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിൽ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എൻ.ആർ.സി നടപ്പിലാക്കണമെന്ന ബി.ജെ.പി ആഗ്രഹത്തിന് വിരുദ്ധമാണ് ഘടകകക്ഷികളുടെ ഇപ്പോഴത്തെ നിലപാട്.

അതേസമയം ദേശീയ പൗരത്വ രജിസ്ട്രേഷനെതിരെയും ചില ഘടകകക്ഷികൾ രംഗത്തെത്തി. ആർ.പി.ഐ അതാവലെ, പി.എം.കെ, അപ്‌ന ദൾ എന്നീ പാർട്ടികൾ മാത്രമാണ് എൻ.ആർ.സി വിഷയത്തിൽ എതിർപ്പറിയിക്കാതിരുന്നത്. ജനതാദൾ യുണൈറ്റഡ് ബീഹാറിൽ എൻ.ആർ.സി നടപ്പിലാക്കിലെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഘടകകക്ഷികളും എൻ.ആർ.സിയെ എതിർത്ത് രംഗത്തെത്തിയിരുന്നു.

വൈ.എസ്.ആർ കോണ്‍ഗ്രസും അകാലിദളും എൽ.ജെ.പിയും എൻ.ആർ.സിയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബി.ജെ.പിയെ പലപ്പോഴും സഹായിക്കാറുള്ള ബി.ജെ.ഡി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.