തിരുവനന്തപുരം: 'സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും'മെന്ന പ്രഖ്യാപനവുമായി നടന്ന വനിതകളുടെ പാതിരാനടത്ത പരിപാടിയിൽ എണ്ണായിരത്തോളം പേർ പങ്കെടുത്തു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട 100 കേന്ദ്രങ്ങളിലായി രാത്രി 11 മുതൽ ഒന്നുവരെയായിരുന്നു സ്ത്രീകൾ നടക്കാൻ ഇറങ്ങിയത്.
വനിതകളുടെ അവകാശത്തെക്കുറിച്ച് പൊതുസമൂഹത്തെ ബോധവൽക്കരിക്കുക, രാത്രി വൈകി പുറത്തിറങ്ങാനുള്ള സ്ത്രീകളുടെ ഭയം അകറ്റുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്തത് തൃശൂർ ജില്ലയിലാണ്. 47ഇടങ്ങളിലാണ് തൃശൂരിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ആളുകൾ അണിനിരന്നത് ഇടുക്കി ജില്ലയിലുമായിരുന്നു(രണ്ട് ഇടങ്ങളിൽ).
നടത്തത്തെ ' സ്വാതന്ത്ര്യം കിട്ടിയത് പോലെ' എന്നാണ് തിരുവനന്തപുരത്തെ ഒരു പെൺകുട്ടി വിശേഷിപ്പിച്ചത്. നടക്കാൻ ഇറങ്ങിയവർക്ക് വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഉദ്‌ഘാടന ദിവസം മുൻകൂട്ടി അറിയിച്ച കേന്ദ്രങ്ങളിലാണ് സ്ത്രീകൾ നടന്നത്. പൊലീസിന്റെയും മറ്റ് വകുപ്പുകളുടെയും വോളന്റിയർമാരുടെയും സഹകരണത്തോടെയായിരുന്നു പരിപാടി. വനിതാദിനമായ മാർച്ച് എട്ടുവരെ വിവിധ ദിവസങ്ങളിൽ അറിയിക്കാതെ രാത്രി നടത്തം സംഘടിപ്പിക്കും. ഒറ്റയ്‌ക്കോ സംഘമായോ ആയിരിക്കുമിത്. ഇവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടി ഉണ്ടാകും.
അതേസമയം, കോട്ടയത്ത് പരിപാടിക്കിടെ സ്ത്രീകളോട് ഓട്ടോ ഡ്രൈവർ മോശമായി പെരുമാറി എന്ന് പരാതി ഉയർന്നു. കൂടാതെ കാസർകോട് നടക്കാനിറങ്ങിയ സ്ത്രീയോട് മോശമായി പെരുമാറിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.