ausia-indian-ambasseder

ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടുകൾക്കും, സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതിനും ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്മെന്റാണ് രേണു വാടകയ്ക്കെടുത്തത്.

1988 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രേണു പൽ അടുത്ത മാസം ഓസ്ട്രിയയിലെ കാലാവധി പൂർത്തിയാക്കേണ്ടതായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഉത്തരവ് പ്രകാരം (സിവിസി) വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

സർക്കാർ അനുവദിച്ച വാറ്റ് റീഫണ്ടുകൾ വ്യാജമായി തട്ടിയെടുത്തെന്നും,​ സർക്കാർ വസ്തുതകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. മന്ത്രാലയത്തിന്റെ ചീഫ് വിജിലൻസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം സെപ്തംബറിൽ വിയന്ന സന്ദർശിച്ച് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണസംഘം സി‌വി‌സിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ “ഫണ്ട് ദുരുപയോഗം ചെയ്യൽ,​ സാമ്പത്തിക ക്രമക്കേടുകൾ, പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം” എന്നിവ രേണുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.

ഡിസംബർ ഒമ്പതിന് മന്ത്രാലയം രേണുവിനെ ആസ്ഥാനത്തേക്ക് മാറ്റി, ഒരു അംബാസഡർ എന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ നിന്നും അവരെ വിലക്കി.