വലതുകാല്‍ മുന്നോട്ടു വച്ച് ,തല അല്‍പം താഴ്തി, കൊമ്പുകള്‍ ഉയര്‍ത്തി ഭീമൻ കാള നേരെ വരുന്നതു കണ്ടാല്‍ ആരും ഒന്നു ഞെട്ടും. ഇത്തരത്തിലൊരു
"ജല്ലിക്കെട്ട്"നഗര നടുവിലായാലോ? തമിഴ്നാട്ടിലല്ല, ഇങ്ങ് കേരളത്തിൽത്തന്നെ. വാഹനങ്ങളെയും അടുത്തുള്ളവരെയൊന്നും വകവയ്ക്കാതെയാണ് കൂറ്റൻ കാളയുടെ അഭ്യാസപ്രകടനം. കഴിഞ്ഞ ദിവസം കോട്ടയത്താണ് ഭീമൻ അമ്പലക്കാളയുടെ പ്രകടനം നടന്നത്. നാഗമ്പടം സ്വകാര്യ ബസ്റ്റാന്റിലാണ് കാളയെത്തിയത്.
ബസുകളും മറ്റ് വാഹനങ്ങളുടേയും നടുവിലൂടെ നടന്ന് നീങ്ങി റോഡരികിൽ കൂട്ടിയിട്ട പാറപ്പൊടിയിലാണ് കാളയുടെ കുത്തിമറയൽ. ഭീമൻ കാള പാറപ്പൊടിയിൽ തല കുത്തിയ ശേഷം കൊമ്പുകൊണ്ട് പൊടിപരക്കംപാറ്റി. കാലുകൾകൊണ്ട് രണ്ട് ചവിട്ടും. ശേഷം തലയുയർത്തി ചുറ്റും പരതിനോക്കിയ കാള ഒരു നിമിഷം പിന്നോട്ടാഞ്ഞു. ഇതുകണ്ട് ആവേശം പകരാൻ നഗരവാസികളടക്കം നിരവധിപ്പേരാണ് ആർപ്പുവിളിയുമായെത്തിയത്. എന്നാൽ, പാറപ്പൊടിയുടെ ചൂട് തട്ടിയതുകൊണ്ടോ ,പൊള്ളിയത് കൊണ്ടോ അമ്പലക്കാള പിന്നീട് റോഡിലേക്കായി തിരിച്ച് നടത്തം.