ന്യൂഡൽഹി: കഴിഞ്ഞ വർഷം ജൂലൈലാണ് ഡൽഹിയിൽ ഏഴു സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒരു കുടുംബത്തിലെ പതിനൊന്നു പേർ ഒരു വീട്ടിൽ മരിക്കുന്നത്. ദുരൂഹതകൾ ഒട്ടേറെ നിറഞ്ഞു നിന്ന മരണമായിരുന്നു ഭാട്ടിയ കുടുംബത്തിന്റേത്. പോലീസ് ആത്മഹത്യ ആയി വിധി എഴുതിയപ്പോഴും മരണത്തിലെ ആശങ്കകൾ അവസാനിച്ചിരുന്നില്ല.കൂട്ട ആത്മഹത്യ നടന്ന ഡൽഹിയിലെ വീടായിരുന്നു സംശയങ്ങൾക്കും ദുരൂഹതകൾക്കും ആക്കം കൂട്ടിയത്. വീട്ടിൽ പ്രേതബാധ ഉണ്ടെന്നും മോക്ഷം നേടാൻ കൂട്ട ആത്മഹത്യ ചെയ്തു എന്നെല്ലാം നാട്ടുകാർ വിശ്വസിച്ചു.
കൂട്ടമരണത്തിനു ശേഷം ഒരു വർഷം കഴിഞ്ഞിട്ടും സമീപവാസികളുടെ ഭയവും ആശങ്കയും ഒഴിഞ്ഞിരുന്നില്ല. വീട്ടിനുള്ളിലെ പ്രേതശക്തിയും, പൈശാശിക ബാധയുമെല്ലാം മറുപടി ഇല്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു. ഇതിനിടയിൽ അന്ധവിശ്വാസങ്ങളെയെല്ലാം തള്ളി കളഞ്ഞുകൊണ്ടു, വീടിന്റെ താഴത്തെ നിലയിൽ ഇപ്പോൾ ഒരു ഡയഗ്നോസ്റ്റിക് സെന്റർ പ്രവർത്തിക്കുന്നു. പത്തോളജിസ്റ്റ് ഡോക്ടർ മോഹൻ സിംഗ് ആണ് വാടകയ്ക്ക് സ്ഥാപനം നടത്തുന്നത്. ദുരൂഹതകൾ ഏറെ നിലനിൽക്കുമ്പോഴും അവയെ എല്ലാം ശക്തമായി പ്രതിരോധിക്കുകയാണ് ഡോക്ടർ.
''ഒരു തരത്തിലുമുള്ള അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്നില്ല. അത്തരം കാര്യങ്ങളിൽ വിശ്വസിച്ചിരുന്നെങ്കിൽ ഞാൻ ഇവിടെ വരില്ലായിരുന്നു. എന്റെ രോഗികൾക്ക് പരിശോധനയ്ക്കായി ഇവിടെ വരുന്നതിൽ ഒരു പ്രശ്നവുമില്ല. ഈ വീട് റോഡിന് സമീപമുള്ളതിനാൽ എന്നെ കാണാൻ വരുന്ന രോഗികൾക്ക് പ്രയോജനപ്രദവുമാണ്'' ഡോക്ടർ പറയുന്നു.
എന്നിരുന്നാലും ഏതെങ്കിലും തിന്മ ഉണ്ടെങ്കിൽ ഒഴിവാക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു ഹിന്ദു പുരോഹിതൻ വന്നു പ്രാർത്ഥന നടത്തും. അന്ധവിശ്വാസം കൊണ്ടല്ല ,ഏതെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നതിന് മുൻപ് ഈശ്വര സമർപ്പണം നന്മയാണെന്നും ഡോക്ടർ പറയുന്നു.
സംശയങ്ങളും ദുരൂഹതകളും ഒരുപാട് ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ വരവോടെ അയൽവാസികളുടെ പൈശാചിക വിശ്വാസങ്ങൾ കുറഞ്ഞിട്ടുണ്ട്. ''സംഭവിച്ചതെല്ലാം സംഭവിച്ചു എപ്പോൾ എല്ലാം ശരിയാണ്'', ''ഒരു ദുരാത്മാവിനെപ്പോലെ അവിടെ ഒന്നുമില്ല, അവരുടെ ആത്മാക്കൾ നേരിട്ട് സ്വർഗത്തിലേക്ക് പോയി"" എന്നും സമീപവാസികൾ പറയുന്നു.
ഒരു കുടുംബത്തിലെ പതിനൊന്നു പേർ കൂട്ട ആത്മഹത്യ ചെയ്ത വീട്ടിൽ നിന്നും ലഭിച്ച ഡയറിക്കുറിപ്പുകളാണ് മരണത്തിന്റെ ചുരുളഴിച്ചത്. കൂട്ട മരണം മോക്ഷ പ്രാപ്തിക്കു വേണ്ടിയായിരുനെന്നു പൊലീസ് പറയുന്നു. വീട്ടിനുള്ളിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. അതിനുള്ളിൽ നിന്നാണ് കൂട്ടമരണത്തിലേക്ക് നയിച്ച മരണത്തിന്റെ ഡയറിക്കുറിപ്പും, നോട്ട് ബുക്കും പൊലീസിന് ലഭിച്ചത്.
മരണത്തെ എങ്ങനെ സ്വാഗതം ചെയ്യണമെന്ന് ഭാട്ടിയ കുടുംബത്തിലെ മുതിർന്നവർ തുടർച്ചയായി കുറിപ്പുകൾ എഴുതി. ചിലതിൽ തിയതി കുറിച്ചിട്ടു. മരണത്തിനു ഏഴു ദിവസം മുന്നേ തയ്യാറെടുപ്പുകൾ തുടങ്ങി. എല്ലാ ദിവസവും ആൽമരത്തെ പ്രദക്ഷിണം ചെയ്തു. വ്യാഴാച്ചയോ, ഞായറാഴ്ചയോ വേണം മരണത്തെ വരിക്കാനെന്നു അവർ തീരുമനിച്ചു. രാത്രി പന്ത്രണ്ടു മണിക്കും ഒന്നിനും ഇടയിൽ മരണം ഉറപ്പാക്കണമെന്നും മുൻനിശ്ചയിച്ചിരുന്നു.
2017 നവംബറിലാണ് ആദ്യ മരണ കുറിപ്പ് എഴുതുന്നത്, മരണത്തിനു രണ്ടു ദിവസം മുന്നേ കുറിപ്പ് എഴുതി നിർത്തുകയും ചെയ്തു. പതിനൊന്നു പേര് ഉൾപ്പെടുന്ന സംഘം ഈ ആചാരം പാലിച്ചാൽ പ്രശ്നങ്ങൾ എല്ലാം തീരുമെന്നും കുടുംബത്തിൽ എല്ലാവർക്കും മോക്ഷം കിട്ടുമെന്നു ഉള്ള വിശ്വാസമാണ് ആത്മഹത്യക്ക് കാരണമായതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.