indian-navy

ന്യൂഡൽഹി: സ്മാർട്ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും ഉപയോഗം നിരോധിച്ച് ഇന്ത്യൻ നാവികസേന. നേവൽ ബേസുകൾ, ഡോക്ക്യാർഡുകൾ, യുദ്ധക്കപ്പലുകൾ എന്നിവിടങ്ങളിലാണ്‌ ഇനി മുതൽ ഇവയ്ക്ക് നിരോധനം ഉണ്ടാകുക. സോഷ്യൽ മീഡിയ നെറ്റ്‌വർക്കിംഗ് പ്ലാറ്റുഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, എന്നിവയ്ക്കാണ് ഈ സ്ഥലങ്ങളിൽ നിരോധനം നടപ്പാക്കിയത്. ഏതാനും നാവികസേന ഉദ്യോഗസ്ഥർ ശത്രുപക്ഷത്തുള്ള ഇന്റലിജൻസ് ഏജൻസികൾക്ക് നിർണായക വിവരങ്ങൾ ചോർത്തികൊടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നാവികസേന ഇങ്ങനെയൊരു കടുത്ത നീക്കം നടത്തിയത്.

ഡിസംബർ ഇരുപതിനാണ് സേനയിലെ ഏഴ് ഉദ്യോഗസ്ഥർ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ നിർണായക വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയത്. ഇവർ ഏഴുപേരെയും ആന്ധ്രാ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിർണായക വിവരങ്ങൾ ചോർത്തുന്നുവെന്ന് കാണിച്ചുകൊണ്ട് കേന്ദ്ര ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു അറസ്റ്റ്. ഒരു റാക്കറ്റുപോലെ പ്രവർത്തിച്ചിരുന്ന ഇവർക്ക് പാകിസ്ഥാനുമായും ബന്ധമുള്ളതായി റിപ്പോർട്ടുണ്ട്.

നാവിക വെസലുകളുമായും മുങ്ങിക്കപ്പലുകളുമായും ബന്ധപ്പെട്ട അതീവ രഹസ്യമായ വിവരങ്ങളായിരുന്നു ഇവർ പാകിസ്ഥാന് ചോർത്തി നൽകിയിരുന്നത്. നിരവധി ഇന്ത്യൻ സൈനികർ പാകിസ്ഥാൻ ഒരുക്കിയ ഹണിട്രാപ്പിൽ അകപ്പെട്ടിരുന്നതായും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അനിക ചോപ്ര എന്ന അക്കൗണ്ട് വഴി സൈനികരെ പരിചയപ്പെട്ട് തുടക്കത്തിൽ ലൈംഗിക കാര്യങ്ങൾ സംസാരിച്ച ശേഷം, ക്രമേണ വരാനിരിക്കുന്ന സൈനിക പദ്ധതികൾ ചോർത്തുന്നതായിരുന്നു പാകിസ്ഥാൻ ഹണിട്രാപ്പിന്റെ രീതി.