shivagiri

തിരുവനന്തപുരം: 87ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം. ഉപരാഷ്ട്രപതി വെങ്കയ്യനായിഡു തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. അറിവ്, ആരോഗ്യം, ആത്മീയത എന്നീ ആശയങ്ങളെ മുൻനിറുത്തിയാണ് ഇത്തവണത്തെ മഹാതീർത്ഥാടനം. ഭാവി ഇന്ത്യ ജാതിരഹിതമായിരിക്കണമെന്ന് തീർത്ഥാടനപരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു.

"ഈ തീർത്ഥാടനം പുതിയ തുടക്കമാകട്ടെ. ഗുരുദേവൻ ഹിന്ദുവായി ജനിച്ചു. എന്നാൽ,​ പ്രത്യേക മതത്തോട് ആഭിമുഖ്യമില്ലായിരുന്നു.അദ്ദേഹം എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. ഒരു മതത്തോടും പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകൾ ജീവിതത്തിൽ പകർത്തണം. ജാതി-മത-വർഗ-വർണ-ഭാഷാ വ്യത്യാസങ്ങൾക്കതീതമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിനാളുകൾ ഈ തീർത്ഥാടനത്തിൽ എത്തുന്നു. ഭാവി ഇന്ത്യ ജാതി-രഹിത-വർഗ-രഹിത ഇന്ത്യ ആയിരിക്കണം. ജാതി വിവേചനം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ,​ തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വർക്കിംഗ് ചെയർമാൻ കെ.ജി.ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.