മലയാള ചലച്ചിത്ര സംഗീത സംവിധായകരിൽ ശ്രദ്ധേയരായ സഹോദരങ്ങളാണ് ബേണി ഇഗ്നേഷ്യസ്. ഒട്ടനവധി സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പിറവിയും ബേണി - ഇഗ്നേഷ്യസ് കൂട്ടുകെട്ടിൽ നിന്നുണ്ടായി. തേന്‍മാവിന്‍ കൊമ്പത്ത്, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പുട്ടന്‍, രഥോത്സവം, കല്യാണരാമന്‍, തുടങ്ങിയ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. അതുപോലെ കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രാജസേനന്റെ സിനിമയായ കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലാണ് ആദ്യമായി ബേണി ഇഗ്നേഷ്യസ് റീ റെക്കോർഡിംഗ് ചെയ്യുന്നത്. ഇപ്പോഴിതാ രാജസേനനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറയുകയാണ് ബേണി - ഇഗ്നേഷ്യസ്. കൗമുദി ടി.വിക്കു നൽകിയ ക്രിസ്മസ് സ്പെഷ്യൽ അഭിമുഖത്തിലാണ് ബേണി ഇഗ്നേഷ്യസ് മനസുതുറന്നത്.
"ആദ്യകാലങ്ങളിൽ ഞങ്ങളെ റീ റെക്കോർഡിംഗ് ഏൽപ്പിക്കില്ലായിരുന്നു. കാരണം, മുമ്പ് റീ റെക്കോർഡിംഗ് ചെയ്തിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ പലരോടും പശ്ചാത്തല സംഗീതം ചെയ്തോട്ടെ എന്ന് ചോദിക്കുമ്പോൾ പറയും, നിങ്ങൾ ഏത് പടമാണ് ചെയ്തേക്കുന്നതെന്ന്. ഒന്നാമത്തെ വെറെ ചെയ്യ്. രണ്ടാമത്തെ നമുക്ക് ചെയ്യാമെന്ന് പലരും പറയും. ഞാൻ അപ്പോൾ രാജസേനനോട് പറഞ്ഞു, സേനാ നമുക്ക് ഒരു ഒന്നാമത്തെ പടം ചെയ്താ കൊള്ളാമെന്നുണ്ട്. ആരെങ്കലും സഹായിച്ചാലല്ലേ പറ്റൂ.
അപ്പോൾ സേനൻ പറഞ്ഞു, ഒരു സിറ്റ്വേഷൻ പറയുമ്പോൾ തന്നെ രണ്ടും മൂന്നും ടൂൺ നിങ്ങൾ കേൾപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് അതൊന്നും ബുദ്ധിമുട്ടുള്ല കേസല്ല. അങ്ങനെയാണ് കൊട്ടാരംവീട്ടിലെ അപ്പൂട്ടനിൽ റീ റെക്കോർഡിംഗ് ആദ്യമായി ചെയ്തത്. പുള്ലി ഉദ്ദേശിക്കുന്ന സമയത്തിന് മുമ്പ് ചെയ്തുകൊടുത്തു. സേനൻ ഞങ്ങളെ എപ്പോഴും കളിയാക്കും "മേലെ പറമ്പിലെ ആൺവീടെ"ന്ന് പറഞ്ഞ്. കാരണം, ഞങ്ങളെ വീട്ടിലെ നാല് ചേട്ടൻ അനിയന്മാർക്കും ആൺമക്കൾ മാത്രമേ ഉള്ളൂ. അങ്ങനെ നേരത്തെ പറഞ്ഞ പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് ഒരു ഫോൺ വന്നു. ബേണിക്ക് ഒരു പെൺകുട്ടി ജനിച്ചു. പേടിക്കണ്ടെന്നും പറഞ്ഞിട്ട്. അപ്പോൾ ഞാൻ രാജസേനനോട് പറഞ്ഞു. ഇനി മേലിൽ ആ പേരും പറഞ്ഞ് കളിയാക്കരുത്. മേലെപ്പറമ്പിൽ ആൺവീടെന്ന് ഞങ്ങളെപ്പറ്റി ഇനി പറയാൻ പാടില്ല"-ബേണി ഇഗ്നേഷ്യസ് പറയുന്നു.