biji-pal

കൊച്ചി: സംഗീത സംവിധായകൻ ബിജിബാൽ നേതൃത്വം നൽകുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നവംബർ ഒന്നിന് കരുണ സംഗീത നിശ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നടത്തപ്പെട്ട പരിപാടിയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് എന്ന് ബിജിബാലിനോട് ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ.

'ഇത്രയും ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മുന്നോട്ട് പോകാനാവും താങ്കൾക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദേശം താങ്കൾ തിരിച്ചറിയാതെ പോയതാണോ ?'-അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ബിജിബാൽ , താങ്കളിലെ സംഗീതജ്ഞനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. സിനിമ കാണാനും പാട്ട് കേൾക്കാനും ഇഷ്ടപ്പെടുന്ന സാധാരണ മലയാളി മാത്രമാണ്.

താങ്കൾ നേതൃത്വം നൽകുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നവംബർ ഒന്നിന് നടത്തിയ കരുണ സംഗീത നിശയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് ? ഒരു രൂപ ചിലവില്ലാതെ നടത്തിയ പരിപാടിയിൽ നിന്നും എത്ര കോടി ടിക്കറ്റ് , സ്പോൺസർ ഇനങ്ങളിലായി ലഭിച്ചു ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ ? രേഖകൾ എവിടെ ?

ഇത്രയും ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മുന്നോട്ട് പോകാനാവും താങ്കൾക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കൾ തിരിച്ചറിയാതെ പോയതാണോ ?

ഈ ചോദ്യങ്ങളെ അവഗണിച്ച് മുന്നോട്ട് എത്ര കാലം പോകാനാകും നിങ്ങൾക്ക് ?

നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിട്ടാൽ കൂടുതൽ മാനക്കേട് ഒഴിവാക്കാം.